മൈതാനങ്ങൾ ഇന്ന് നാടിന് സമർപ്പിക്കും
ആന്തൂർ : ഒരു നൂറ്റാണ്ടിലധികം പൈതൃകം പേറുന്ന ആന്തൂരിലെ മൈതാനം പുതുമോടിയിലേക്ക്. ആന്തൂർ നഗരസഭാ ആസ്ഥാനത്തിന് തൊട്ടരികിൽ നിരവധി ഫുട്ബോൾ-കായിക മാമാങ്കങ്ങളുടെ ചരിത്രമുള്ള മൈതാനം നവീകരിച്ച് ചൊവ്വാഴ്ച തുറന്നുകൊടുക്കും. ഇതോടെ നഗരസഭാ ആസ്ഥാനത്ത് ആധുനികസൗകര്യമുള്ള ഒരു മൈതാനമെന്ന ദീർഘകാല സ്വപ്നം യാഥാർഥ്യമാകും. സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേന അനുവദിച്ച 2.23 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ മൈതാനം നിർമിച്ചത്. ഇതോടൊപ്പം മൈതാനത്തിന്റെ ഒരു ഭാഗം വനിതകൾക്കായുള്ള ഷീ ടർഫിനും മാറ്റിവെച്ചിട്ടുണ്ട്. ഇവിടെ ആന്തൂർ നഗരസഭയുടെ ഫണ്ടിലൂടെ 50 ലക്ഷം ചെലവിട്ട് ടർഫും നിർമിക്കും.
ആന്തൂർ നഗരസഭാ ആസ്ഥാനമായ ധർമശാല ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായ പ്രൊഫഷണൽ സ്ഥാപനങ്ങളുടെ കേന്ദ്രം കൂടിയാണിത്. ഇന്ത്യയുടെ നാനാഭാഗത്തുള്ള നൂറുകണക്കിന് പെൺകുട്ടികളാണ് ഇത്തരം സ്ഥാപനങ്ങളിൽ പഠിക്കുന്നത്. നിഫ്റ്റ്, കണ്ണൂർ ഗവ. എൻജി. കോളേജ്, ഐസിഎം തുടങ്ങിയവ മൈതാനത്തിന് ചുറ്റുവട്ടത്താണ്. സ്വാതന്ത്ര്യ സമരസേനാനിയും വിപ്ലവകാരിയുമായ കെ.പി.ആർ. ഗോപാലൻ അടക്കമുള്ള ദേശീയ നേതാക്കൾ കളി പന്ത് ഉരുട്ടി വിശ്രമവേളകൾ ചെലവഴിച്ച പ്രധാന മൈതാനമാണിത്. നിരവധി സ്വാതന്ത്ര്യസമര സേനാനികളുടെ കായിക പരിശീലന വേദി കൂടിയായിരുന്നു. കൂടാതെ, നിരവധി സംസ്ഥാന-ജില്ലാതല ഫുട് ബോൾ ടൂർണമെന്റുകൾക്കും മൈതാനം വേദിയായിട്ടുണ്ട്. ഇടക്കാലത്ത് മൈതാനം സംരക്ഷിക്കുന്നതിൽ വീഴ്ച വന്നതോടെ മൈതാനം കാടുകയറി.
2015-ൽ ആന്തൂർ നഗരസഭ യാഥാർഥ്യമായതോടെയാണ് മൈതാനത്തിന്റെ സംരക്ഷണവും വികസനവും വേഗത്തിലായത്. നവീകരിച്ച മൈതാനം ചൊവ്വാഴ്ച വൈകീട്ട് നാലിന് മന്ത്രി വി. അബ്ദുറഹിമാൻ നാടിന് സമർപ്പിക്കും. എംഎൽഎ എം.വി. ഗോവിന്ദൻ അധ്യക്ഷനാവും.
കല്യാശ്ശേരി ടർഫ് ഗ്രൗണ്ടും തയ്യാറായി
കല്യാശ്ശേരി കെപിആർ. ഗോപാലൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ കായിക അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തികരിച്ച ടർഫ് ഗ്രൗണ്ട് ചൊവ്വാഴ്ച നാടിന് സമർപ്പിക്കും. മന്ത്രി വി. അബ്ദുറഹിമാൻ 2.30-ന് ഉദ്ഘാടനം ചെയ്യും. എം. വിജിൻ എംഎൽഎ അധ്യക്ഷതവഹിക്കും. ആധുനിക നിലവാരത്തിൽ നിർമ്മിച്ചിരിക്കുന്ന സെവൻസ് സിന്തറ്റിക് ഫുട്ബോൾ ടർഫ് ഗ്രൗണ്ടിൽ പ്രധാനമായും സിന്തറ്റിക് ഫുട്ബോൾ ടർഫ്, ഫ്ളഡ് ലൈറ്റ്, ഫെൻസിങ്, ട്രെയിനേജ് ഗാലറി ബിൽഡിങ്, ശൗചാലയം, ഡ്രസിങ്റും, ഇന്റർലോക്ക്, ചുറ്റുമതിൽ എന്നീ ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് നിർമാണം പൂർത്തിയാക്കിയത്. ഇതിനായി സംസ്ഥാന സർക്കാർ മൂന്നുകോടി രൂപയാണ് അനുവദിച്ചത്. വിദ്യാർഥികൾക്കും കായികപ്രേമികൾക്കും ഗുണകരമാകുന്ന മൈതാനം സ്പോർട്‌സ് കേരള ഫൗണ്ടേഷൻ മുഖേനയാണ് പൂർത്തീകരിച്ചത്.
