ചെറുകാട് അവാർഡ് ഏഴാച്ചേരി രാമചന്ദ്രന്

Share our post

മലപ്പുറം: ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകാട് അവാർഡ് കവി ഏഴാച്ചേരി രാമചന്ദ്രന്. പെരിന്തൽമണ്ണ അർബൻ ബാങ്ക്‌ നൽകുന്ന അൻപതിനായിരം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ്‌ അവാർഡ്. കവി, ചലച്ചിത്രഗാന രചയിതാവ്, മാധ്യമപ്രവർത്തകൻ, സംഘാടകൻ എന്നീ നിലകളിലെല്ലാം തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഏഴാച്ചേരി രാമചന്ദ്രൻ മലയാള കവിതയുടെ ജനകീയ മുഖമാണ്. തന്റെ കവിതയിൽ ചരിത്രത്തെയും ദ്രാവിഡ പാരമ്പര്യങ്ങളെയും, ഫോക്ലോർ പാരമ്പര്യങ്ങളെയും മലയാള ഭാഷയെയും അതിവിദഗ്ധമായി ഏഴാച്ചേരി സംയോജിപ്പിക്കുന്നുണ്ടെന്നും “എന്തായിരുന്നു മലയാളിയുടെ മനസ്സിൽ “എന്ന് കണ്ടെത്തിയ എഴുത്തുകാരനാണ് എഴാച്ചേരിയെന്നും– ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 28ന് വൈകീട്ട്‌ നാലിന്‌ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിക്കുന്ന ചെറുകാട് അനുസ്മരണത്തിൽ കെ രാധാകൃഷ്ണൻ എംപി അവാർഡ് സമ്മാനിക്കും. ചെറുകാട് ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി സി വാസുദേവൻ അവാർഡ് പ്രഖ്യാപനം നടത്തും. സാഹിത്യ അക്കാദമി ചെയർമാൻ കെ സച്ചിദാനന്ദൻ ചെറുകാട് അനുസ്മരണ പ്രഭാഷണവും കവി പി എൻ ഗോപീകൃഷ്ണൻ മുഖ്യപ്രഭാഷണവും നടത്തും. ഡോ. കെ പി മോഹനൻ അവാർഡ് ജേതാവ് ഏഴാച്ചേരി രാമചന്ദ്രന്റെ കാവ്യ സംഭാവനകൾ പരിചയപ്പെടുത്തും. കറന്റ്‌ ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘ജീവിതപ്പാത’ പ്രത്യേക എഡിഷൻ സാറാ ജോസഫും സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന ചെറുകാടിന്റെ കവിതകളുടെ സമാഹാരം കെ വി രാമകൃഷ്ണനും പ്രകാശിപ്പിക്കും. അശോകൻ ചരുവിൽ, ഡോ.രാവുണ്ണി എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങും. കെ വി അബ്ദുൾഖാദർ, സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ, ഡോ.കാവുമ്പായി ബാലകൃഷ്ണൻ, ഡോ.ഉഷാകുമാരി, ടി ജി നയൻതാര, വേണു പാലൂർ, എം എൻ വിനയകുമാർ എന്നിവർ പങ്കെടുക്കുമെന്ന്‌ ട്രസ്റ്റ്‌ ചെയർമാൻ വി ശശികുമാർ, സെക്രട്ടറി വേണു പാലൂർ, ഡോ. കെ പി മോഹനൻ എന്നിവർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!