കണ്ണട ഉപയോഗിക്കുന്നയാളാണോ? ഡ്രൈവിങ് ലൈസൻസ് അപേക്ഷയിലെ ഫോട്ടോയിലും കണ്ണടവേണം
ഒറ്റപ്പാലം: കണ്ണട ഉപയോഗിക്കുന്നയാളാണോ, എന്നാൽ ഡ്രൈവിങ് ലൈസൻസിനുള്ള അപേക്ഷയിൽ കണ്ണടവെച്ച ഫോട്ടോതന്നെ വേണം. സ്ഥിരമായല്ലാതെ കണ്ണട ഉപയോഗിക്കുന്നവരുടെ അപേക്ഷയിലും കണ്ണടയുള്ള ഫോട്ടോ വേണമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നിർദേശം. ഡ്രൈവിങ് സ്‌കൂളുകൾക്കാണ് കണ്ണടയുള്ള ഫോട്ടോ ഉറപ്പാക്കാൻ നിർദേശം നൽകിയത്. കണ്ണടയില്ലാത്ത ഫോട്ടോനൽകി, ലേണേഴ്‌സ് പരീക്ഷയ്‌ക്കെത്തുമ്പോൾ കണ്ണടവെച്ചുകണ്ടാൽ അപേക്ഷ നിരസിക്കുമെന്നാണ് ഡ്രൈവിങ് സ്‌കൂളുകൾക്ക് കിട്ടിയ നിർദേശം. പലർക്കും ഇങ്ങനെ ഫോട്ടോമാറ്റാൻ വകുപ്പ് നിർദേശവും നൽകിയിട്ടുണ്ട്. അപേക്ഷയ്‌ക്കൊപ്പം നൽകുന്ന പാസ്‌പോർട്ട് സൈസ് ഫോട്ടോയാണ് ലൈസൻസിലും ഉപയോഗിക്കുക. കാഴ്ചയ്ക്ക് പ്രശ്‌നമുള്ളവരുടെ തിരിച്ചറിയൽ ഐഡിയിൽ കണ്ണടവെച്ചുള്ള ഫോട്ടോതന്നെ വേണമെന്നതിനാലാണ് ഈ നിർദേശം. കാഴ്ചപരിശോധന നടത്തിയ ഡോക്ടറുടെ സാക്ഷ്യപത്രമുൾപ്പെടെ അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണം. പലരും വായിക്കാൻമാത്രം കണ്ണട ഉപയോഗിക്കുന്നവരാണ്. അങ്ങനെയുള്ളവർക്കും കണ്ണടയുള്ളചിത്രം വേണമെന്നാണ് നിബന്ധന. അപേക്ഷകരോട് കണ്ണടയുള്ള ഫോട്ടോ വേണമെന്ന് ഡ്രൈവിങ് സ്‌കൂൾ അധികൃതരും അറിയിച്ചുതുടങ്ങി.
