ഹിജാബ് വിവാദം; സെന്റ് റീത്താസിലെ പഠനം ഉപേക്ഷിച്ച് വിദ്യാര്‍ത്ഥിനി; ടി സി വാങ്ങും
നിലപാടിലുറച്ച് സെന്റ് റീത്താസ് സ്‌കൂള്‍, നിബന്ധനകള്‍ പാലിച്ചാല്‍ വിദ്യാര്‍ഥിയെ സ്വീകരിക്കും
‘ശിരോവസ്ത്രം ധരിച്ച ടീച്ചറാണ് കുട്ടിയോട് ശിരോവസ്ത്രം ധരിക്കാൻ പാടില്ലെന്ന് പറഞ്ഞത്; കുട്ടിക്ക് സംരക്ഷണം നൽകും’; വി. ശിവൻകുട്ടി
കൊച്ചി: ഹിജാബ് വിവാദത്തിന് പിന്നാലെ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ പഠനം ഉപേക്ഷിക്കാനൊരുങ്ങി വിദ്യാര്‍ത്ഥിനി. വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ മാറ്റുമെന്ന് പിതാവ് അറിയിച്ചു. സ്‌കൂളില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുമെന്നും കുട്ടിയുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നുമാണ് പിതാവ് അറിയിച്ചത്. ഹിജാബുമായി ബന്ധപ്പെട്ട വിവാദം കുട്ടിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും സെന്റ് റീത്താസ് സ്‌കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നുമാണ് പിതാവ് അറിയിച്ചത്. പുതിയ സ്കൂളിൽ പഠനം തുടരും. ‘എന്റെ മകൾ ഹിജാബ് ധരിച്ച് വരുമ്പോൾ മറ്റ് കുട്ടികൾക്ക് ഭയമുണ്ടാകുന്നവെന്ന് സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞത് മകളെ വിഷമിപ്പിച്ചു’; ടി സി വാങ്ങാൻ തീരുമാനിച്ചെന്ന് കുട്ടിയുടെ പിതാവ്
പറഞ്ഞു.
പള്ളുരുത്തി ഹിജാബ് വിവാദത്തിനെ തുടർന്ന് സ്‌കൂളിന് സംരക്ഷണം നൽകിയ ഹൈക്കോടതിക്ക് നന്ദി അറിയിച്ച് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഹെലീന ആൽബി. വിദ്യാഭ്യാസ മന്ത്രിക്കും നന്ദി അറിയിച്ചു. സ്കൂൾ നിയമങ്ങൾ അനുസരിക്കാൻ തയാറാണെങ്കിൽ വിദ്യാർത്ഥിനിക്ക് സ്കൂളിൽ പഠനം തുടരാമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു സ്‌കൂളിന് സംരക്ഷണം നൽകിയ ഹൈക്കോടതിക്ക് നന്ദി. സ്‌കൂളിലെ നിയമങ്ങൾ അനുസരിച്ച് വിദ്യാർത്ഥിനി വന്നാൽ തുടരാം. കുട്ടികൾക്ക് വേണ്ടതെല്ലാം സ്കൂൾ നൽകുന്നുണ്ട്. കുട്ടി സ്കൂളിൽ നിന്ന് ടിസി വാങ്ങാൻ തീരുമാനിച്ച കാര്യം അറിയില്ല. കോടതിയെയും സർക്കാരിനെയും ബഹുമാനിക്കുന്നു.
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥിക്ക് ആ സ്‌കൂളില്‍ പഠിക്കാനുള്ള അവകാശമുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്ത് കാര്യത്തിലാണ് കുട്ടി സ്‌കൂള്‍ വിട്ടുപോകുന്നത് എന്ന കാര്യം പരിശോധിക്കണമെന്നും അതിന് കാരണക്കാരായവര്‍ സര്‍ക്കാരിനോട് മറുപടി പറയേണ്ടി വരുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
ഒരു കുട്ടിയുടെ പ്രശ്‌നമാണെങ്കിലും ആ കുട്ടിക്ക് സംരക്ഷണം നല്‍കുകയാണ് സര്‍ക്കാരിന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. വളരെ ധിക്കാരത്തോടെയാണ് സ്‌കൂള്‍ പിടിഎ പ്രസിഡന്റും പ്രിന്‍സിപ്പാളും അഭിഭാഷകയും സംസാരിച്ചത്. ലീഗല്‍ അഡൈ്വസര്‍ക്ക് സ്‌കൂളിന്റെ കാര്യം പറയാന്‍ അവകാശമില്ലെന്നും കോടതിയിലെ നിയമപരമായ കാര്യങ്ങള്‍ ചെയ്യുകയാണ് ജോലിയെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും ഒരു മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്തെ അധികാരങ്ങള്‍ സ്വയം ഏറ്റെടുത്ത് ഭരണം നടത്താന്‍ നോക്കിയാല്‍ അത് നടക്കുന്ന കാര്യമല്ല. അങ്ങനെ കേരളത്തില്‍ ഒരു കീഴ് വഴക്കവും ഇല്ല. ഇനിയെങ്കിലും കുട്ടിയെ വിളിച്ച് സംസാരിച്ച് പ്രശ്‌നം തീര്‍ക്കണം. പരാതി കിട്ടിയപ്പോള്‍ ചെയ്യേണ്ട കാര്യങ്ങളാണ് ഞങ്ങള്‍ ചെയ്തത്. ശിരോവസ്ത്രം ധരിച്ച ടീച്ചറാണ് കുട്ടിയോട് ശിരോവസ്ത്രം ധരിക്കാന്‍ പാടില്ലെന്ന് പറഞ്ഞത്. അതൊക്കെ വിരോധാഭാസമായിട്ടേ കാണാന്‍ പറ്റുള്ളു. വാശിയും വൈരാഗ്യവും മാറ്റിവെച്ച് കുട്ടിയെ ഉള്‍ക്കൊണ്ട് പഠിക്കുന്നതിനുള്ള സംവിധാനം ചെയ്യുന്നതാണ് നല്ലത്’, വി ശിവന്‍കുട്ടി പറഞ്ഞു.
