മുന്നറിയിപ്പ് വകവയ്ക്കാതെ ട്രെക്കിങ്ങ്; രാജാക്കൂപ്പിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി ഇമ്പോസിഷൻ ശിക്ഷ നൽകി വനം വകുപ്പ്

Share our post

തെന്മല: തെന്മല രാജാക്കൂപ്പിൽ കാട്ടിനുള്ളിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി പൊലീസ്. വനമേഖലയായതിനാൽ അവിടേക്ക് ട്രെക്കിങ്ങ് നിരോധിച്ച് മുന്നറിയിപ്പ് നിലനിൽക്കെയാണ് അനധികൃതമായി യുവാക്കൾ പ്രവേശിച്ചത്. കരുനാഗപ്പള്ളി സ്വദേശികളായ യുവാക്കൾ രാവിലെ ഏഴരയോടെ രാജക്കൂപ്പിലെത്തി. എന്നാൽ കടുത്ത മൂടൽമഞ്ഞിനെ തുടർന്ന് ഇവർക്ക് വഴി തെറ്റി. വഴി കണ്ടെത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തങ്ങൾ കാട്ടിനുള്ളിൽ കുടുങ്ങി എന്ന് മനസിലാക്കിയ ഇവർ പൊലീസ് കണ്ട്രോൾ റൂമിൽ വിളിക്കുകയായിരുന്നു. പൊലീസ് ആര്യങ്കാവ് റേഞ്ച് ഓഫീസിൽ വിവരമറിയിച്ചു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ യുവാക്കളെ ഫോണിലൂടെ ബന്ധപ്പെട്ട് ഇവർ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ അയക്കാൻ ആവശ്യപ്പെട്ടു. എന്നാൽ മോശം നെറ്റവർക്ക് ലഭിക്കുന്ന സ്ഥലമായതിനാൽ യുവാക്കൾക്ക് അതിന് സാധിച്ചില്ല. കാട്ടിനുള്ളിൽ നെറ്റവർക്ക് ലഭിക്കുന്ന ഒരു സ്ഥലത്തേക്ക് മാറിയശേഷമാണ് ഇവർ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലൊക്കേഷൻ അയച്ചത്. ഇത് പിന്തുടർന്നെത്തി വനം വകുപ്പ് ഇവരെ രക്ഷിക്കുകയായിരുന്നു. ഒരു യൂട്യൂബ് വീഡിയോ കണ്ടാണ് യുവാക്കൾ രാജാക്കൂപ്പിലേക്കെത്തിയത്. യൂട്യൂബ് ചാനലിനെതിരെ കേസെടുക്കണോ എന്ന് ആലോചിക്കുമെന്ന് അധികൃതർ അറിയിച്ചു. അനധികൃതമായി വനമേഖലയിൽ പ്രവേശിച്ചതിന് ഇവർക്കെതിരെ കേസ് എടുക്കാതെ വനം വകുപ്പ് ഇമ്പോസിഷൻ ശിക്ഷയായി നൽകി. നിരവധി വന്യമൃഗങ്ങൾ ഉള്ള വനമേഖലയായ രാജാക്കൂപ്പിലേക്ക് കയറരുത് എന്ന മുന്നറിയിപ്പ് ബോർഡുകൾ അവഗണിച്ചാണ്‌ ഇവിടേക്ക് സഞ്ചാരികൾ എത്തുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!