സൗത്ത് ബസാർ മേൽപ്പാലം: കെട്ടിടം പൊളിച്ചുമാറ്റൽ തുടങ്ങി
        കണ്ണൂർ: നഗരത്തിലെ ഗതാഗതം സുഗമമാക്കുന്ന സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി ദ്രുതഗതിയിൽ. മേലെചൊവ്വ മേൽപ്പാലത്തിന്റെ നിർമാണ പ്രവൃത്തികൾക്ക് സമാന്തരമായി സൗത്ത് ബസാർ മേൽപ്പാലത്തിന്റെ പ്രാരംഭ പ്രവൃത്തികളും ആരംഭിച്ചു. എ കെ ജി ആശുപത്രി സ്റ്റോപ്പിനുശേഷം കരിമ്പ് ഗവേഷണ കേന്ദ്രംമുതൽ ചേമ്പർ ഹാൾവരെയാണ് മേൽപ്പാലം വരുന്നത്. പദ്ധതിക്കായുള്ള 75 ശതമാനം ഭൂമിയും വില നൽകി ഏറ്റെടുത്തു. ബാക്കിയുള്ളവ ഹൈക്കോടതിയിലെ കേസ് തീർപ്പാകുന്നതോടെ ഏറ്റെടുക്കും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന പ്രവൃത്തിയാണിപ്പോൾ നടക്കുന്നത്. രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനുള്ള ടെൻഡർ നടപടി ആരംഭിച്ചു. പദ്ധതിക്കായി പുറമ്പോക്ക് ഉൾപ്പെടെ ഏറ്റെടുത്ത 205 സെന്റ് സ്ഥലത്തെ കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റേണ്ടത്. ആദ്യഘട്ടത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കിയ കെട്ടിടങ്ങൾ പൂർണമായും പൊളിച്ചുനീക്കി. ശേഷിക്കുന്നവ രണ്ടു മുതൽ നാലുവരെയുള്ള ഘട്ടങ്ങളായി ടെൻഡർ ചെയ്ത് പൊളിച്ചുമാറ്റാനാണ് പദ്ധതി നിർവഹണം ഏറ്റെടുത്ത റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ശേഷിക്കുന്ന ടെൻഡറുകൾ ഒരുമിച്ച് ചെയ്യുന്നതിന് സബ്കലക്ടർ നിർദേശം നൽകി. പദ്ധതി പ്രദേശത്തെ മരങ്ങൾ മുറിക്കുന്നതിന് കണ്ണൂർ കോർപറേഷന്റെ ട്രീ കമ്മിറ്റി അനുവാദം നൽകിയിട്ടുണ്ട്. മരത്തിന്റെ വില നിശ്ചയിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.  കാൾടെക്സ് ജങ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച പ്രധാന പദ്ധതികളിലൊന്നാണ് സൗത്ത് ബസാർ ഫ്ലൈഓവർ. സിറ്റി റോഡ്, മേലെചൊവ്വ മേൽപ്പാലം, സൗത്ത് ബസാർ മേൽപ്പാലം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. 2016ലാണ് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയ സൗത്ത് ബസാർ മേൽപ്പാലം പ്രവൃത്തി റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷനെ ഏൽപിച്ചത്. പദ്ധതിയുടെ പുതുക്കിയ ഭരണാനുമതി 255.39 കോടി രൂപയുടേതാണ്. കിഫ്ബി ധനസഹായം 130.87 കോടി രൂപയാണ്. സ്ഥലം ഏറ്റെടുക്കലിന് 2019ൽ ഡിപിആർ ലഭിച്ചു. റവന്യു വകുപ്പിൽനിന്ന് 2020ലാണ് ഭരണാനുമതി ലഭിച്ചത്. 1092 മീറ്റർ ദൈർഘ്യമുള്ള മേൽപ്പാലം 10.9 മീറ്റർ വീതിയിൽ രണ്ടുവരിപ്പാത ആണ്. മേൽപ്പാലത്തിന്റെ താഴെ ഇരുവശത്തും രണ്ടുമീറ്റർ വീതിയുള്ള നടപ്പാതയോടുകൂടിയ 7.5 മീറ്റർ കാര്യേജ് വേയും നിർമിക്കും. 
