ബസുകളിലെ എയർഹോണുകൾ അഴിച്ചുമാറ്റി നശിപ്പിക്കാൻ തുടങ്ങി, കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്

Share our post

കോഴിക്കോട്: നഗരത്തിൽ നിരോധിത എയർഹോണുകൾ ഉപയോഗിച്ച നാല്പതോളം ബസുകൾക്കെതിരേ നടപടി. കോഴിക്കോട് പുതിയസ്റ്റാൻഡ് കേന്ദ്രീകരിച്ചുനടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. ബുധനാഴ്ചമുതൽ മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന്റെ പരിശോധന തുടങ്ങിയിരുന്നു. എയർഹോണുകൾ ഘടിപ്പിച്ച ബസുകളിൽനിന്ന് അവ അഴിച്ചുമാറ്റി നശിപ്പിച്ചു. നിയമലംഘനം നടത്തിയ ബസുകൾക്ക് പിഴ ചുമത്തുകയും തുടർപരിശോധനകൾക്കായി ഓഫീസിൽ ഹാജരാക്കാൻ കർശന നിർദേശം നൽകിയതായും ആർടിഒ അധികൃതർ അറിയിച്ചു. നിയമം ലംഘിക്കുന്ന ബസുകൾക്ക് ആദ്യപിഴ 2000 രൂപയാണ്. കുറ്റം ആവർത്തിക്കുകയാണെങ്കിൽ 10,000 രൂപയുമാണ് പിഴ. ആർടിഒ സി. എസ്. സന്തോഷ്‌കുമാറിന്റെ നിർദേശപ്രകാരം നടത്തുന്ന പരിശോധന വരുംദിവസങ്ങളിലും തുടരും.

43 വാഹനങ്ങൾക്ക് എതിരേ നിയമ നടപടി

കുറ്റിപ്പുറം: ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശത്തെ ത്തുടർന്ന് സംസ്ഥാന വ്യാപകമായി എയർ ഹോൺ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരേ സ്പെഷ്യൽ ഡ്രൈവ് നടത്തുന്നതിന്റെ ഭാഗമായി തിരൂർ സബ് ആർടി ഓഫീസിന്റെ പരിധിയിലുള്ള കുറ്റിപ്പുറം, വളാഞ്ചേരി, തിരൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് എയർഹോൺ പരിശോധന നടത്തി.

43 വാഹനങ്ങൾക്ക് എതിരേ നിയമ നടപടി സ്വീകരിച്ചു. ഈ വാഹനങ്ങൾ എയർഹോൺ നീക്കംചെയ്ത് പരിശോധനയ്ക്ക് വിധേയമായി മാത്രമേ സർവീസ് നടത്താൻ അനുവദിക്കൂ. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശരത് ചന്ദ്രൻ, മഹേഷ്‌ ചന്ദ്രൻ, എ എംവിമാരായ ഹരികൃഷ്ണൻ, സ്വാതിദേവ്, രഞ്ജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

അനധികൃത ഹോണും ലൈറ്റും: 21 ഹെവി വാഹനങ്ങൾ പിടിയിൽ

ആലപ്പുഴ: അമിതശബ്ദം പുറപ്പെടുവിക്കുന്നതും നിയമവിരുദ്ധമായ ഹോണും അനധികൃത ലൈറ്റുമുള്ള 21 ഹെവിവാഹനങ്ങൾ ജില്ലയിൽനിന്നു പിടികൂടി. ഗതാഗതമന്ത്രിയുടെ നിർദേശത്തെത്തുടർന്നാണ് ട്രാൻസ്പോർട്ട് കമ്മിഷണർ സംസ്ഥാനമൊട്ടാകെ പ്രത്യേക പരിശോധന നടത്തിയത്.

ഇത്തരം വാഹനങ്ങൾക്കെതിരേ ശക്തമായ നടപടിയെടുക്കാൻ ഹൈക്കോടതിയും നിർദേശിച്ചിരുന്നു. മോട്ടാർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ജയചന്ദ്രൻ, രാംജി കെ. കരൻ, അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ബിജോയ്, ജോബിൻ, ചന്ദ്രലാൽ, സിജു, ശ്രീരാം എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആലപ്പുഴ ആർടിഒ സജിപ്രസാദ് അറിയിച്ചു.

മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശനനിർദേശം

വാഹനങ്ങളിലെ എയർ ഹോണുകൾ കണ്ടെത്താൻ സംസ്ഥാനത്താകെ പ്രത്യേക പരിശോധന നടത്താൻ കഴിഞ്ഞദിവസമാണ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. തിങ്കളാഴ്ച മുതൽ 19 വരെയാണ് കർണപുടം പൊട്ടിക്കുന്ന ഹോണുകൾ കണ്ടെത്താനുള്ള പരിശോധന നടത്തുക.

കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിനിടെ അമിതവേഗത്തിലും ഹോണടിച്ചും പാഞ്ഞ ബസുകൾക്കെതിരേ മന്ത്രി ഉടനടി നടപടി എടുത്തിരുന്നു. ബസുകളുടെ പെർമിറ്റ് റദ്ദാക്കി. ഡ്രൈവർമാരുടെ ലൈസൻസും സസ്പെൻഡ് ചെയ്തു. അതിനു പിന്നാലെയാണ് പുതിയ നടപടി.

അനുമതിയില്ലതെ വയ്ക്കുന്ന എയർഹോണുകൾ കണ്ടെത്തുക മാത്രല്ല ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം. ഇവ നിരത്തിലിട്ട് മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ റോഡ് റോളർ കയറ്റി തകർക്കണമെന്ന തരത്തിലാണ് നിർദേശം. ഇതിന്റെ ജില്ലാതല കണക്കുകളും നിത്യേനെ കൈമാറണം. വാഹനങ്ങളിലെ എയർഹോണുകൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് നേരത്തേ ഹൈക്കോടതിയും മോട്ടോർ വാഹന വകുപ്പിന് കർശന നിർദേശം നൽകിയിരുന്നു.

രണ്ടാംശനിയും ഞായറാഴ്ചയും അവധിയായിരുന്നതിനാൽ നിലവിൽ ഇത് ഉത്തരവായല്ല വന്നത്. പകരം ഉത്തരവാദപ്പെട്ട മോട്ടാർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിലേക്കാണ് ഉന്നതോദ്യോഗസ്ഥരുടെ വാട്‌സാപ്പ് സന്ദശം ലഭിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!