“വീട്ടിലിരുന്ന് മാർക്കറ്റിങ് ജോലി” വാഗ്ദാനങ്ങളിൽ വീണ യുവതിക്ക് നഷ്ടമായത് 5,75000 രൂപ
കൊച്ചി: വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനം നേടാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയുടെ പക്കൽനിന്ന് 5,75,000 രൂപ തട്ടിയെടുത്തതായി പരാതി. ഫോർട്ടുകൊച്ചി സ്വദേശിയായ യുവതിയാണ് തട്ടിപ്പിനിരയായത്. ഇൻസ്റ്റാഗ്രാമിൽ റീലുകൾ സ്ക്രോൾ ചെയ്യുന്നതിനിടയിൽ പ്രത്യക്ഷപ്പെട്ട പരസ്യത്തിലൂടെയാണ് യുവതിയെ കുരുക്കിയത്. വർക്ക് ഫ്രം ഹോം ചെയ്താൽ ദിവസവരുമാനമോ മാസവരുമാനമോ നൽകാമെന്ന് വാഗ്ദാനം ചെയ്തു. യുവതിയെ ഒരു വാട്ട്സ്ആപ്പ് ചാറ്റിലേക്ക് എത്തിച്ചു. ആദ്യം പലതവണ പ്രതിഫലം നൽകി. വിശ്വാസം നേടിയ ശേഷം അപ്ഗ്രഡേഷന് പണം ചോദിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളിലായാണ് ഇത്രയും തുക ഈടാക്കിയെടുത്തത്.ഒരു റെസ്റ്റോറന്റിന്റെ എച്ച് ആർ അസിസ്റ്റന്റാണെന്ന് പരിചയപ്പെടുത്തിയാണ് യുവതിയുമായി ചാറ്റ് ചെയ്തത്. ദിവസവും ഈ റെസ്റ്റോറന്റുകളെക്കുറിച്ച് റിവ്യൂ എഴുതി നൽകാനായിരുന്നു ആവശ്യം. ദിവസ വരുമാനമായി 5000 രൂപ ലഭിക്കുമെന്ന് പറഞ്ഞ് ഇത് നൽകുകയും ചെയ്തു. ആദ്യ ദിവസങ്ങളിലെ ടാസ്കിനുള്ള പ്രതിഫലമായി 4130 രൂപ യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊടുത്തു. വരുമാനം ലഭിക്കുന്നത് തുടർന്നതോടെ യുവതിക്ക് തട്ടിപ്പുകാരെ പൂർണ്ണമായും വിശ്വാസമായി.പിന്നീട് അഡ്വാൻസ് ആയി പണം അടച്ചാൽ പുതിയ ടാസ്ക് നൽകാം എന്ന് പറഞ്ഞു. അതുവഴി വൻ വരുമാനം ഉറപ്പു നൽകി. പല തവണകളായി 5,75,000 രൂപ യുവതി തന്റെ രണ്ട് അക്കൗണ്ടുകളിൽ നിന്നായി പലരുടെയും അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തു. പണം ലഭിച്ചതിനുശേഷം തട്ടിപ്പുകാരുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. യുവതിയെ ബ്ലോക്ക് ചെയ്തതിനുശേഷം ബന്ധം മുറിച്ചു. അപ്പോഴാണ് താൻ പറ്റിക്കപ്പെട്ടു എന്ന് യുവതിക്ക് മനസ്സിലാക്കിയത്. പരാതി പ്രകാരം പൊലീസ് അന്വേഷണം തുടങ്ങി.
