പൾസ്‌ പോളിയോ: ജില്ലയിൽ 2087 ബൂത്തുകൾ വഴി കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി

Share our post

കണ്ണൂർ : സബ് നാഷണൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിലെ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 2087 ബൂത്തുകളിലൂടെ തുള്ളിമരുന്ന് നൽകി. ജില്ലാതല ഉദ്ഘാടനം മുഴപ്പാല സ്വദേശിനി നിഖിഷയുടെ മകൻ രണ്ടുവയസുകാരൻ നിർവികിന് പോളിയോ മരുന്ന് നൽകി കെ വി സുമേഷ് എം എൽ എ നിർവഹിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടന്ന പരിപാടിയിൽ ഡിഎംഒ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട് അധ്യക്ഷനായി. ജില്ലയിലാകെ 2087 ബൂത്തുകൾ വഴിയാണ് തുള്ളിമരുന്ന് നൽകിയത്. ആരോഗ്യ കേന്ദ്രങ്ങൾ , അങ്കണവാടികൾ സ്കൂളുകൾ, ബസ്‌സ്റ്റാന്റുകൾ ,റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി കുട്ടികൾ വരാൻ സാധ്യതയുള്ള ഇടങ്ങളിൽ ആണ് ബൂത്തുകൾ ക്രമീകരിച്ചിരുന്നത്. പൾസ് പോളിയോ ദിനത്തിൽ വാക്സിൻ ലഭിക്കാത്ത അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളെ കണ്ടെത്തി തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ വളണ്ടിയർമാർ / ആരോഗ്യ പ്രവർത്തകർ വീടുകളിൽ എത്തി പോളിയോ തുള്ളിമരുന്ന് നൽകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ,റോട്ടറി ഇന്റർനാഷണൽ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംഘടിപ്പിക്കുന്നത്.

ജില്ലയിൽ 1.35 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി

സബ് നാഷണൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിൽ 1,35,295 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയിൽ അഞ്ചുവയസിൽ താഴെയുള്ള 1,60675 കുട്ടികൾക്ക് പോളിയോ നൽകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 84.2 ശതമാനം പേർക്കാണ് പോളിയോ ദിനത്തിൽ തുള്ളിമരുന്ന് നൽകാനായത്. ശേഷിക്കുന്ന കുട്ടികൾക്ക് ഒക്ടോബർ 13,14 ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പോളിയോ തുള്ളി മരുന്ന് നൽകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!