തളിപ്പറമ്പ് സൂ സഫാരി പാര്‍ക്ക്; തുടര്‍ നടപടികള്‍ക്കായി വിദഗ്ദ സമിതി
തളിപ്പറമ്പ്: നാടുകാണിയിൽ സൂ സഫാരി പാർക്ക് നിർമിക്കുന്നതിനായി റിട്ടയർഡ് ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ ജെയിംസ് വർഗീസിന്റെ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്ദ സമിതി രൂപീകരിച്ചു. മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയും എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ യോഗത്തിന്റെതാണ് തീരുമാനം. സന്തോഷ് ജോർജ് കുളങ്ങര, വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ, മൃഗശാല വകുപ്പ് ഡയറക്ടർ മഞ്ജുള ദേവി, മൃഗശാല വകുപ്പ് മുൻ ഡയറക്ടർ അബു എബ്രഹാം എന്നിവരാണ് മറ്റ് അംഗങ്ങൾ. ജനുവരി അവസാനത്തോടെ വിശദ ഡി പി ആർ സമർപ്പിക്കും. സർക്കാർ അംഗീകാരം ലഭിക്കുന്നതോടെ ടെണ്ടർ നടപടികളിലേക്ക് കടക്കും. തളിപ്പറമ്പ് -ആലക്കോട് സംസ്ഥാന പാതയോടുചേർന്ന് നാടുകാണിയിൽ 252.8 ഏക്കർ ഭൂമിയിലാണ് പാർക്ക് സ്ഥാപിക്കുക. പദ്ധതിക്കായി വിശദമായ ഡിപിആർ തയ്യാറാക്കുന്നതിന് രണ്ടുകോടി രൂപ സർക്കാർ നേരത്തെ തന്നെ ബജറ്റിൽ അനുവദിച്ചിരുന്നു. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തനുണർവേകുന്നതായിരിക്കും സൂ സഫാരി പാർക്ക്.
