അശാസ്ത്രീയ മാലിന്യസംസ്‌കരണം; കൈരളി ഹെറിറ്റേജ് റിസോർട്ടിന്‌ 65,000 രൂപ പിഴ

Share our post

കണ്ണൂർ : ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നാറാത്ത് ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യസംസ്‌കരണത്തിന് കാട്ടാമ്പള്ളി സ്റ്റെപ്പ് റോഡിലെ കൈരളി ഹെറിറ്റേജ് റിസോർട്ടിന്‌ 65,000 രൂപ പിഴ ചുമത്തി. റിസോർട്ടിൽ നടത്തിയ പരിശോധനയിൽ അടുക്കളയിലെ പാത്രങ്ങൾ കഴുകുന്ന മലിനജലം പുഴയിൽ ഒഴുക്കിവിടുന്നതായി കണ്ടെത്തി. അടുക്കളയിൽ ബിന്നുകളിൽ ജൈവ-അജൈവ മാലിന്യം വേർതിരിക്കാതെ കൂട്ടിയിട്ടിരിക്കുന്നതും ശ്രദ്ധയിൽ പെട്ടു. പുഴയുടെ സമീപത്തായി റിസോർട്ടിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യം, ഡയപ്പറുകൾ, പഴം-പച്ചക്കറി ആവശിഷ്ടങ്ങൾ തുടങ്ങിയവ വലിയ തോതിൽ കൂട്ടിയിട്ട് കത്തിക്കുന്നതായും റിസോർട്ടിന്റെ സ്റ്റോറിൽ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ ഉപയോഗത്തിനായി സംഭരിച്ചുവെച്ചിരിക്കുന്നതായും കണ്ടെത്തി.

മലിനജലം പുഴയിലേക്ക് ഒഴുക്കിവിട്ടതിനു കേരള പഞ്ചായത്തീരാജ് ആക്ട് വകുപ്പ് 219 കെ പ്രകാരം 50,000 രൂപയും മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിനും തരം തിരിക്കാതെ ബിന്നുകളിൽ സംഭരിച്ചുവെച്ചതിനും വകുപ്പ് 219 എൻ, ഐ പ്രകാരം 5000 രൂപ വീതവും ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ സംഭരിച്ചുവെച്ചതിന് 10000 രൂപയും പിഴ ചുമത്തി. ഉടൻ തന്നെ ഖര-ദ്രവ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും റിസോർട്ട് മാനേജ്‌മെന്റിനു നിർദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്‌ക്വാഡ് അംഗങ്ങൾ അലൻ ബേബി, സി.കെ. ദിബിൽ, നാറത്ത് ഗ്രാമ്പെഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പി. അനുഷ്മ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!