സാന്ത്വനം പകരാൻ കൂടെയുണ്ട് ഞങ്ങൾ

കണ്ണൂർ: സാന്ത്വനപരിചരണം ഏകോപിപ്പിക്കാനും മികച്ച വൈദ്യപരിചരണവും സേവനങ്ങളും ഉറപ്പാക്കാനും വിഭാവനം ചെയ്ത പാലിയേറ്റീവ് കെയർ ഗ്രിഡ് ജില്ലയിൽ പൂർണമായി പ്രവർത്തിച്ചുതുടങ്ങി. ഗുരുതരരോഗബാധിതർക്കും കുടുംബങ്ങൾക്കും ചികിത്സാപരവും സാമൂഹികവും മാനസികവുമായ ഗൃഹകേന്ദ്രീകൃത പരിചരണം ഉറപ്പാക്കുക എന്നതാണ് കേരള കെയർ പദ്ധതിയുടെ ലക്ഷ്യം. സർക്കാർ, സന്നദ്ധമേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ പാലിയേറ്റീവ് കെയർ യൂണിറ്റുകളെയും ഉൾക്കൊള്ളിച്ചാണ് കെയർ ഗ്രിഡ് രൂപവത്കരിച്ചിരിക്കുന്നത്. സാന്ത്വനചികിത്സ ലഭ്യമാവുന്ന രോഗികളുടെ മുഴുവൻ വിവരങ്ങളും ഇനി വെബ്‌പോർട്ടലിൽ കിട്ടും. 15,723 പേർക്കാണ് ജില്ലയിൽ നിലവിൽ സാന്ത്വനചികിത്സ നൽകിവരുന്നത്. ഇതിൽ 9,971 സ്ത്രീകളാണ്. 61 മുതൽ 70 വയസ്സ് വരെയുള്ള 2,875 പേരുണ്ട്. 71-80 വിഭാഗത്തിൽ 5,036. 81-90 പ്രായത്തിൽ 4,062 പേരും. ഗൃഹപരിചരണം സ്വീകരിക്കുന്നവരിൽ 3,376 പേർ കിടക്കയിൽനിന്ന് ചലിക്കാൻപോലും സാധിക്കാത്തവരാണ്.
ഗൃഹപരിചരണം
ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കുടുംബാന്തരീക്ഷത്തിൽത്തന്നെ അനുകമ്പാപൂർണമായ വ്യക്തി-കുടുംബ കേന്ദ്രീകൃത പിന്തുണ ഉറപ്പാക്കുംവിധം പരിചരണം നൽകുന്നതിൽ ഹോംകെയർ സേവനങ്ങൾ നിർണായകമായ പങ്കുവഹിക്കുന്നു.
ഓരോരുത്തരുടെയും വിവരങ്ങൾ വാർഡ്തലം മുതലുള്ള ഡാഷ് ബോർഡിൽ ലഭിക്കും. രോഗികളുടെ ആരോഗ്യസ്ഥിതി, ആരോഗ്യപ്രശ്നങ്ങൾ, നഴ്സിങ് പരിചരണം, വീട്ടിലെത്തി അവസാനം പരിചരണം നൽകിയത് മുതലായ വിവരങ്ങളൊക്കെ എല്ലാതലങ്ങളിലും അറിയാനാവും.
86 പ്രാഥമിക യൂണിറ്റുകൾ
സാന്ത്വന ചികിത്സ നൽകുന്നതിനായി 86 പ്രാഥമിക യൂണിറ്റുകൾ, 15 ദ്വതീയ യൂണിറ്റുകൾ, ഒരു ജില്ലാ യൂണിറ്റ് എന്നിങ്ങനെയാണ് പ്രവർത്തിച്ചുവരുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണവകുപ്പിന്റെ സഹകരണത്തോടെയാണ് പാലിയേറ്റീവ് പരിചരണം നടിപ്പാക്കുന്നത്. 6000-ൽ അധികം വൊളന്റിയർമാരാണ് സാന്ത്വനപരിചരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. കിടപ്പിലായ രോഗികൾക്ക് അവരുടെ സമീപപ്രദേശങ്ങളിൽ തന്നെ പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരുടെ സേവനം ഉറപ്പാക്കും.
132 സന്നദ്ധസംഘടനകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്
നവകേരളം കർമപദ്ധതി രണ്ട് ആർദ്രം മിഷനിലെ പത്ത് പ്രധാന പ്രവർത്തനമേഖലകളിലൊന്നാണ് പാലിയേറ്റീവ് കെയർ. സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ അഭിമുഖ്യത്തിലാണ് ഗ്രിഡ് രൂപവത്കരിച്ചിട്ടുള്ളത്. 2000-ത്തോളം ഹോംകെയർ യൂണിറ്റുകൾ പ്രവർത്തിക്കുന്ന സംസ്ഥാനത്ത് 1,00,000 സന്നദ്ധ പ്രവർത്തകരാണ് 1,50,000-ത്തോളം കിടപ്പുരോഗികളുടെ പരിചരണത്തിന് സജ്ജരായിട്ടുള്ളത്.