മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍; ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

കൊച്ചി: മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളില്ല. ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വായ്പ എഴുതിത്തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. വായ്പ എഴുതിത്തള്ളല്‍ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമെന്നാണ് നിലപാട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം നല്കി. മുണ്ടക്കൈ- ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിതള്ളുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ദേശീയ ദുരന്തനിവാരണ നിയമം അനുസരിച്ച് വായ്പ എഴുതിതള്ളുന്നതിന് അടക്കം സാഹചര്യമുണ്ടെന്നും കേരള ബാങ്ക് വായ്പ പൂർണമായും എഴുതി തള്ളിയതായും മറ്റ് ബാങ്കുകൾക്ക് ഈ മാതൃക സ്വീകരിക്കാനാകില്ലേ എന്നും ഹൈക്കോടതി ബെഞ്ച് കേന്ദ്രത്തോട് ചോദിച്ചിരുന്നു. എന്നാൽ വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്നും മൊറട്ടോറിയം പ്രഖ്യാപിച്ച് വായ്പ പുനഃക്രമീകരണം നടത്താൻ മാത്രമോ സാധിക്കുവെന്നുമാണ് കേന്ദ്രം അറിയിച്ചിരുന്നത്. കേന്ദ്രത്തിൻറെ ഈ നിലപാടിനെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു. ബാങ്ക് വായ്പ എഴുതിത്തള്ളണമെന്നാണ് മുഖ്യമന്ത്രിയടക്കം പങ്കെടുത്ത എൽബിസി യോഗം തീരുമാനിച്ചതെന്നും സംസ്ഥാന സർക്കാർ രേഖകൾ സഹിതം കോടതിയെ അറിയിച്ചിരുന്നു.