ആക്രിസാധനങ്ങളുടെ ലേലനടപടികളില്‍ ക്രമക്കേട്; തളിപ്പറമ്പ് നഗരസഭാ ജീവനക്കാരന് സസ്പെന്ഷന്
തളിപ്പറമ്പ്: ആക്രിസാധനങ്ങളുടെ ലേലനടപടികളില്‍ ക്രമക്കേട് കാട്ടിയ നഗരസഭ ജീവനക്കാരന് സസ്പെന്ഷന്. തളിപ്പറമ്പ് നഗരസഭയിലെ വി.വി ഷാജിയെയാണ് തദ്ദേശസ്വയംഭരണ വകുപ്പ് സസ്പെന്റ് ചെയതത്. നഗരസഭയിലെ ആക്രി സാധനങ്ങള്‍ ലേലം ചെയ്യുന്നതിന് 2024 ജൂലൈ 26ന് നഗരസഭ ചെയര്‍പേഴ്സണ്‍ മുന്‍കൂര്‍ അനുമതി നല്‍കിയിരുന്നു. മുന്‍കൂര്‍ അനുമതി നല്കിയ വിഷയങ്ങള്‍ക്ക് തൊട്ടടുത്ത് ചേരുന്ന കൗണ്‍സില്‍ യോഗത്തിന്റെ അംഗീകാരം വാങ്ങണമെന്നിരിക്കെ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെയായും കൗണ്‍സിലിന്റെ അംഗീകാരം വാങ്ങിയില്ല. സി.പി.എം നേതാവും നഗരസഭ കൗണ്‍സിലറുമായ സി.വി ഗിരീശനാണ് പ്രശ്നം കൗണ്‍സില്‍ മുമ്പാകെ കൊണ്ടുവന്നത്. വിവരാവകാശ പ്രകാരം ഫയല്‍ കോപ്പി ലഭിച്ചപ്പോഴാണ് ഞെട്ടിക്കുന്ന അഴിമതിയുടെ തെളിവുകള്‍ പുറത്ത് വരുന്നത്. 2025 മെയ് 22 ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് വിഷയം പ്രതിപക്ഷം ഉന്നയിച്ചത്. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് ചെയര്‍പേഴ്സണ്‍ ഉറപ്പ് നല്‍കുകയും ചെയ്തു. 2025 ജൂലൈ 27 ന് ചേര്‍ന്ന സ്റ്റീയറിങ്ങ് കമ്മിറ്റി പരിശോധിക്കുകയും ക്രമക്കേട് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. 6 മാസം കഴിഞ്ഞിട്ടും നടപടി എടുക്കാതെ ജീവനക്കാരനെ സംരക്ഷിച്ചു നിര്‍ത്തുകയായിരുന്നുവെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് നടപടി. റിപ്പോര്‍ട്ട് തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ ജീവനക്കാരന് വി.വി ഷാജിക്കെതിരെ സസ്പെന്ഷന് നടപടി ഉണ്ടായത്. മുന്‍സിപ്പല്‍ ആന്റ് കോര്പ്പറേഷന് സ്റ്റാഫ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ പ്രസിഡന്റാണ് വി.വി ഷാജി.
