ശബരിമല സ്വർണപാളി വിഷയം; ഉദ്യോഗസ്ഥർ ഇന്ന് സന്നിധാനത്ത്; സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കും

Share our post

തിരുവനന്തപുരം: ശബരിമല സ്വർണപാളി വിഷയത്തിൽ കൂടുതൽ അന്വേഷണത്തിന് ഉദ്യോഗസ്ഥർ ഇന്ന് സന്നിധാനത്ത് എത്തി. ദേവസ്വം വിജിലൻസിന്റെ നേതൃത്വത്തിൽ രാവിലെ എട്ടിന് ശേഷം സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കും. അടിയന്തിര ദേവസ്വം ബോർഡ് യോഗം ഇന്നും നാളെയുമായി ചേരും. ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിലോ ദ്വാരപാലക ശിലാപ-ീഠത്തിന്റെ കാര്യത്തിലോ സർക്കാരിന്‌ പങ്കില്ലെന്ന്‌ മന്ത്രി വി എൻ വാസവൻ വ്യക്തമാക്കിയിരുന്നു. ശബരിമലയിൽ വികസനം കൊണ്ടുവരിക, അയ്യപ്പഭക്തർക്ക്‌ കൂടുതൽ സ‍ൗകര്യമേർപ്പെടുത്തുക തുടങ്ങിയവയാണ്‌ സർക്കാർ ചെയ്യുന്നത്‌. എന്നാൽ വിവാദങ്ങളുമായി സർക്കാരിനെ ബന്ധപ്പെടുത്തി തെറ്റിദ്ധരിപ്പിക്കാനാണ്‌ പ്രതിപക്ഷ ശ്രമമെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലെ ദ്വാരപാലക ശിലാപീഠം കാണാനില്ലെന്ന്‌ പരാതിപറഞ്ഞ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽനിന്നാണ്‌ അത്‌ കണ്ടെത്തിയത്‌. ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ പരാതിക്കുപിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന്‌ സംശയമുയരുന്നു. കാണാതായത്‌ 2019ലാണ്‌. അതാണ്‌ ദേവസ്വം വിജിലൻസ്‌ ഇപ്പോൾ കണ്ടെത്തിയത്‌. ഇപ്പോൾ സ്വർണപാളികൾ അറ്റകുറ്റപ്പണിക്ക്‌ കൊണ്ടുപോയത്‌ നടപടിക്രമങ്ങൾ പാലിച്ചാണ്‌. അത്‌ കോടതിയും അംഗീകരിച്ചു. എന്നാൽ വിവാദമായത്‌ ഇപ്പോഴത്തെ കാര്യമാണെന്ന നിലയിൽ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നു.

നാലുകിലോ സ്വർണം അടിച്ചുമാറ്റി എന്നൊക്കെയാണ്‌ അവർ നിയമസഭയിലും പറഞ്ഞത്‌. സഭയെ തെറ്റിദ്ധരിപ്പിച്ചതിന്‌ അവർ മാപ്പുപറയണം. 2019ൽ ഉണ്ണികൃഷ്‌ണൻ പോറ്റിയെ അറ്റകുറ്റപ്പണിക്കായി സ്വർണപാളി ഏൽപിച്ചതാണ്‌ വിഷയം. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പരിശോധിക്കട്ടെ. 1998ൽ വിജയ്‌ മല്യ നൽകിയ സ്വർണത്തിന്റെ തൂക്കം രേഖപ്പെടുത്തിയത്‌ പൊതുമരാമത്ത്‌ ഉദ്യോഗസ്ഥരാണ്‌. പിന്നീടാണ്‌ കോടതി വിധി പ്രകാരം ദേവസ്വം ഉദ്യോഗസ്ഥർക്ക്‌ ചുമതലയായത്‌. അതിനാലാണ്‌ 1998മുതലുള്ളവ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെടുന്നത്‌. ദേവസ്വം ബോർഡ്‌ ആഗോള അയ്യപ്പസംഗമം നടത്തിയത്‌ ശബരിമലയുടെ വികസനത്തിനാണ്‌. അതിലെ നിർദേശങ്ങളും റിപ്പോർട്ടുകളും ക്രോഡീകരിച്ച്‌ രൂപരേഖ തയ്യാറാക്കും. അയ്യപ്പസംഗമത്തിന്റെ വരവുചെലവ്‌ 45 ദിവസത്തിനകം പരസ്യപ്പെടുത്തും. ബോർഡ്‌ മുൻകൂട്ടി ചെലവഴിച്ചത്‌ സ്‌പോൺസർഷിപ്പിലെ തുക വരുന്പോൾ വരവുവയ്‌ക്കും. ബഹിഷ്‌കരിച്ച രാഷ്‌ട്രീയ കൂട്ടങ്ങൾക്ക്‌ സംഗമം വിജയിച്ചപ്പോൾ പ്രയാസമായി. ക്ഷണിച്ച്‌ വരാതിരുന്നിട്ട്‌ കുശുന്പ്‌ പറഞ്ഞിട്ട്‌ കാര്യമില്ല. പ്രതിപക്ഷത്തിന്‌ ക്രിയാത്മക നിലപാടുണ്ടാകണമെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!