മഴ മാറിയതോടെ ചിക്കന്‍പോക്‌സ് കൂടുന്നു : കഴിഞ്ഞ മാസം പിടിപെട്ടത് 2180 പേര്‍ക്ക്

മഴമാറി വെയിലിന്‍റെ ചൂട് വര്‍ധിച്ചതോടെചിക്കന്‍പോക്സ് രോഗികളുടെ എണ്ണവും കൂടുന്നു. സംസ്ഥാനത്ത് കഴിഞ്ഞ മാസം 2180 പേരാണ് ചിക്കന്‍പോക്സ് രോഗത്തിന് ചികിത്സ തേടിയത്.ഈ വര്‍ഷം സെപ്റ്റംബര്‍അവസാനംവരെ സംസ്ഥാനത്ത് 20,738 പേര്‍ ചിക്കന്‍പോക്സിന് ചികിത്സ തേടുകയും ആറ് പേര്‍ മരിക്കുകയും ചെയ്തു. സര്‍ക്കാര്‍ആശുപത്രികളിലെ കണക്കാണിത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണം ഇതിന്‍റെ ഇരട്ടിവരുമെന്നാണ് കണക്കാക്കുന്നത്. പച്ചമരുന്ന് ഉപയോഗിച്ച് ചികിത്സിക്കുന്നവര്‍ വേറെയുമുണ്ട്. കഴിഞ്ഞ മാസം 208 പേരാണ് കോഴിക്കോട് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലുമടക്കം രോഗം പടര്‍ന്നു പിടിക്കുകയാണെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന സൂചന. അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിന് അനുസരിച്ചാണ് രോഗം പടരുന്നത്. ചിക്കന്‍പോക്സ് കുമിളകളിലെ സ്രവങ്ങളില്‍ നിന്നു അണുബാധയുള്ളവര്‍ ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും മറ്റും പുറത്തേക്ക് ചിതറുന്ന കണങ്ങളിലൂടെ അസുഖം പകരാം. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടണമെന്നും രോഗം പകരാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നുമാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം. വൈറസാണ് രോഗബാധയ്ക്ക് കാരണം. വൈറസിന്‍റെ ഇന്‍ക്യുബേഷന്‍ സമയം 10-21 ദിവസമാണ്. ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്ബുതൊട്ട് 58 ദിവസംവരെ അണുക്കള്‍ പകരാനുള്ള സാധ്യതയുണ്ട്. പനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ എന്നിവ കുരുക്കള്‍ പൊങ്ങുന്നതിന് മുമ്ബ് കാണപ്പെടും. ആദ്യം തൊലിക്ക് മുകളില്‍ കുമിളകള്‍ പൊങ്ങിത്തുടങ്ങും. നേരിയ ചൊറിച്ചിലോടു കൂടെ ആരംഭിക്കുന്ന ചുവന്നു തിണര്‍ത്ത പാടുകളില്‍ നിന്നും, തൊലിപ്പുറത്ത് വെള്ളം നിറഞ്ഞിരിക്കുന്ന ചെറിയ കുമിളകള്‍ പോലുള്ള പൊങ്ങലുകളായി മാറുന്നതാണ് ചിക്കന്‍ പോക്സിന്‍റെ പ്രധാന ലക്ഷണം. തുടക്കത്തില്‍ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകള്‍ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം പടരാം. കുരുക്കള്‍ പൊറ്റകളായി മാറുകയും 10 ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുകയും ചെയ്യും. പൊറ്റകള്‍ ഉണ്ടാകുന്ന സമയംവരെ മാത്രമേ ഇത് മറ്റൊരാളിലേക്ക് പകരുകയുള്ളൂ. ചിക്കന്‍പോക്സിനൊപ്പം ഡെങ്കിപ്പനി, വയറിളക്കം, എലിപ്പനി, മഞ്ഞപ്പിത്ത രോഗങ്ങളുമായെത്തുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.