സിഗ്നലിൽ കാറിന്റെ ചില്ല് വൃത്തിയാക്കുന്നത് തടഞ്ഞതിന് ആക്രോശം; രാജസ്ഥാൻ സ്വദേശിക്കെതിരെ കേസ്

കണ്ണൂർ: ട്രാഫിക് സിഗ്നലിൽ കാറിന്റെ ഗ്ലാസ് വൃത്തിയാക്കുന്നത് തടഞ്ഞതിന്റെ പേരിൽ യുവതിയോട് ആക്രോശിച്ച രാജസ്ഥാൻ സ്വദേശിക്കെതിരെ കേസ്. വാഹന യാത്രക്കാരെ ശല്യം ചെയ്തുവെന്ന പരാതിയിലാണ് രാജസ്ഥാൻ സ്വദേശിയായ ബോജ് രാജ് ബഗ്ദി (19)ക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കണ്ണൂർ കാൽടെക്സ് ഗാന്ധി സർക്കിളിൽ സ്റ്റോപ്പ് സിഗ്നൽ തെളിയുന്ന സമയത്ത് നിർത്തിയിടുന്ന വാഹനങ്ങളുടെ ഗ്ലാസ് ഉടമസ്ഥരുടെ അനുവാദമില്ലാതെ വൃത്തിയാക്കുകയും, വേണ്ടെന്ന് പറയുന്ന യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തതായി കണ്ടെത്തിയതിനാലാണ് കണ്ണൂർ ടൗൺ പൊലീസ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം സിഗ്നലിൽ കാറിന്റെ ഗ്ലാസ് വൃത്തിയാക്കുന്നത് തടഞ്ഞതിന് യുവതിക്ക് നേരെ ഇയാൾ ആക്രോശിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തിരക്കേറിയ സിഗ്നലിൽ കുപ്പിയിൽ നിറച്ച ദ്രാവകം ഉപയോഗിച്ച് ഉടമസ്ഥരുടെ അനുവാദമില്ലാതെ ഗ്ലാസ് തുടക്കുകയും തുടർന്ന് പണം വാങ്ങുകയും ചെയ്യുന്നതാണ് ഇവരുടെ പതിവ്.