തെരുവുനായ ശല്യത്തിനെതിരായ നാടകത്തിനിടെ നായുടെ ആക്രമണം; കാണികള്‍ കരുതിയത് നാടകത്തിന്റെ ഭാഗമെന്ന്

Share our post

കണ്ണൂർ: മയ്യിൽ കണ്ടക്കൈയില്‍ തെരുവുനായ് ശല്യത്തിനെതിരായ തെരുവ് നാടകത്തിനിടെ നായുടെ ആക്രമണം. മയ്യില്‍ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല ഞായറാഴ്ച്ച രാത്രി എട്ടിന് സംഘടിപ്പിച്ച ‘പേക്കോലം’ എന്ന ഏകാംഗനാടത്തിന്റെ അവതരണത്തിനിടെയാണ് കലാകാരനെ നായ് കടിച്ചത്. നാടക പ്രവര്‍ത്തകന്‍ കണ്ടക്കൈയിലെ പി. രാധാകൃഷ്ണനാണ് നായുടെ കടിയേറ്റത്. മൈക്കിലൂടെ നായ് കുരക്കുന്നത് പോലുള്ള ശബ്ദമുണ്ടാക്കിയതോടെ തെരുവിലുണ്ടായിരുന്ന നായ്ക്കള്‍ വേദിയിലേക്ക് കയറി ആക്രമിക്കുകയായിരുന്നു. ഇതിലൊരു നായാണ് അരങ്ങിലുണ്ടായിരുന്ന രാധാകൃഷ്ണനെ കടിച്ചത്.നാടകത്തിനിടെ നായ്ക്കളുടെ ആക്രമണമുണ്ടായപ്പോള്‍ അതും നാടകത്തിന്റെ ഭാഗമാണെന്നായിരുന്നു കാണികള്‍ കരുതിയത്. പിന്നീട് അത് നാടകത്തിന്റെ ഭാഗമല്ലെന്നും തെരുവ് നായ് ആക്രമണമാണെന്നും മനസിലാക്കിയ വായനാശാല പ്രവര്‍ത്തകര്‍ രാധാകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാടകം പൂര്‍ത്തിയാക്കിയ ശേഷമാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. ഇദ്ദേഹത്തിന്റെ കൈകൾക്കും കാലിനുമാണ് കടിയേറ്റത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!