ഇന്ത്യക്ക് രണ്ട് പുതിയ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കൂടി

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ട് നഗരങ്ങളായ ഡൽഹിയിലും മുംബൈയിലും ഈ മാസം പുതിയ വിമാനത്താവളങ്ങൾ വരുന്നു. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (NMIA) ഒക്ടോബർ എട്ടിനും ഉത്തർപ്രദേശിലെ ജെവാറിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം (NIA) ഒക്ടോബർ 30നുമാണ് തുറക്കുന്നത്. പുതിയ സൗകര്യങ്ങൾ ഗതാഗതക്കുരുക്ക് കുറച്ച് മികച്ച ഫ്ലൈറ്റ് ഷെഡ്യൂളുകളും കൂടുതൽ നേരിട്ടുള്ള അന്താരാഷ്ട്ര കണക്ഷനുകളും വാഗ്ദാനം ചെയ്യുന്നു. മുംബൈയിലും ഡൽഹിയിലും നിലവിലുള്ള വിമാനത്താവളങ്ങളിലെ തിരക്ക് കുറക്കുന്നതിന് ഈ പുതിയ വിമാനത്താവളങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനക്ഷമമാകുന്നതോടെ ഡൽഹിയെയും ഗോവയെയും പോലെ, രണ്ട് വലിയ വിമാനത്താവളങ്ങളുള്ള ഒരു മെട്രോപൊളിറ്റൻ മേഖലയായി മുംബൈ മാറും. പൂർണമായി പ്രവർത്തനക്ഷമമാകുമ്പോൾ പ്രതിവർഷം 90 ദശലക്ഷം (9 കോടി) യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തിൽ 20 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളിക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്. മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (MTHL – അടൽ സേതു) വഴിയും, മെട്രോ ലൈനുകൾ, എക്സ്പ്രസ് ഹൈവേകൾ, ജലഗതാഗത മാർഗങ്ങൾ വഴിയും ഇത് ബന്ധിപ്പിക്കപ്പെടും. ഇത് ഒരു ഗ്രീൻഫീൽഡ് എയർപോർട്ട് ആണ്.ദേശീയ തലസ്ഥാന മേഖലയിലെ വർധിച്ചുവരുന്ന വ്യോമയാന ആവശ്യം നിറവേറ്റുന്നതിനും ഉത്തർപ്രദേശിലെ സാമ്പത്തിക വളർച്ചക്ക് ആക്കം കൂട്ടുന്നതിനും വേണ്ടിയാണ് നോയിഡ അന്താരാഷ്ട്ര വിമാനത്താവളം (NIA) സ്ഥാപിച്ചിരിക്കുന്നത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് ലഘൂകരിക്കാൻ ഈ അന്താരാഷ്ട്ര വിമാനത്താവളം സഹായിക്കും. പണി പൂർത്തിയാവുന്നതോടെ ആറ് റൺവേകളോടെ ഇത് ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നായി മാറും. പ്രതിവർഷം 70 ദശലക്ഷം (7 കോടി) യാത്രക്കാരെ ഉൾക്കൊള്ളാനാകും. ഈ വിമാനത്താവളത്തിൽ പ്രവേശനം മുതൽ ബോർഡിങ് വരെയുള്ള എല്ലാ കാര്യങ്ങൾക്കും പൂർണമായും കോൺടാക്റ്റ്‌ലെസ് ആയ ഡിജിയാത്ര സാങ്കേതികവിദ്യ ലഭ്യമാകും.വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും സർവീസ് ആവശ്യങ്ങൾക്കുമായി ഒരു വലിയ എം.ആർ.ഒ (മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ) ഹബ്ബും ഇവിടെ സ്ഥാപിക്കുന്നുണ്ട്. ഇത് ഏവിയേഷൻ വ്യവസായത്തിന് കൂടുതൽ അവസരങ്ങൾ നൽകും. ഈ രണ്ട് വിമാനത്താവളങ്ങളും പ്രവർത്തനം തുടങ്ങുന്നതോടെ ഇന്ത്യയുടെ അന്താരാഷ്ട്ര കണക്റ്റിവിറ്റിയിലും എയർലൈൻസിന്റെ വളർച്ചയിലും വലിയ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവ രണ്ടും പ്രാദേശിക സാമ്പത്തിക വളർച്ചക്ക് ആക്കം കൂട്ടുന്നത് ലക്ഷ്യമിട്ടുള്ള ബൃഹത്തായ പദ്ധതികളാണ്.