ഒടുവിൽ ആ ഭാഗ്യശാലിയെ കിട്ടി; 25 കോടിയുടെ ബമ്പർ അടിച്ചത് ആലപ്പുഴക്കാരന്

ആലപ്പുഴ: ആകാംക്ഷകൾക്കും ഊഹാപോഹങ്ങൾക്കും വിരാമം. 25 കോടി രൂപയുടെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. ആലപ്പുഴ തുറവൂർ സ്വദേശി ശരത് എസ് നായർക്കാണ് ബമ്പർ ലോട്ടറി അടിച്ചത്. നെട്ടൂരിലെ പെയിന്റ് കടയിലെ ജീവനക്കാരനാണ് ശരത്. തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കി. TH 577825 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വൈറ്റിലയിലെ ലോട്ടറി മൊത്തവിതരണക്കാരായ ഭഗവതി ഏജൻസീസിൽനിന്നാണ് മരട് നെട്ടൂർ ഐഎൻടിയുസി ജങ്‌ഷനിലെ രോഹിണി ട്രേഡേഴ്‌സ് ഉടമ ലതീഷ് വിൽപ്പനയ്‌ക്ക് ടിക്കറ്റ് വാങ്ങിയത്. രണ്ടുമാസംമുൻപ് ഒരുകോടി രൂപ സമ്മാനം ലതീഷ് വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നു.തിരുവനന്തപുരം ഗോര്‍ക്കി ഭവനിൽ ശനിയാഴ്‌ചയായിരുന്നു നറുക്കെടുപ്പ്. തിരുവോണം ബമ്പറിന്റൈ 75 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അച്ചടിപിശക് സംഭവിച്ച ഒരു ടിക്കറ്റ് ഒഴികെയുളളവ വിറ്റഴിച്ചു. പാലക്കാടാണ് കൂടുതല്‍ വിൽപ്പന നടന്നത്, 14,07,100 എണ്ണം. രണ്ടാംസ്ഥാനത്തുള്ള തൃശൂരിൽ 9,37,400 ടിക്കറ്റും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ഉം ടിക്കറ്റും വിറ്റു.