14 ജില്ലകളിൽ 15 ഷോപ്പുകൾ, 14 പ്രീമിയം ഔട്ട്‌ലെറ്റുകൾ; 942 കാർഷിക് ഉത്പന്നങ്ങൾ ബ്രാൻഡ് ആക്കിയ ‘കേരളഗ്രോ

തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകർക്ക് മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കാൻ കൃഷി വകുപ്പിന്‍റെ ‘കേരളഗ്രോ. സംസ്ഥാനത്തെ മൂല്യ വർദ്ധിത കാർഷിക ഉല്പന്നങ്ങൾക്ക് രാജ്യവ്യാപകമായി വിപണി കണ്ടെത്തുന്നതിനും, കയറ്റുമതി ഉൾപ്പെടെ ലക്ഷ്യമിട്ട് കൂടുതൽ ഉപഭോക്താക്കളിലേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനും, ഉയർന്ന വില ഉറപ്പാക്കുന്നതിനുമായി കൃഷി വകുപ്പ് ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്ത ‘കേരളഗ്രോ’ എന്ന ഏകീകൃത ബ്രാൻഡ് വിജയ വഴിയിലാണ്. കേരളത്തിലെ 1076 കൃഷിഭവനുകളിലൂടെ മൂവായിരത്തിലധികം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. ഇതിൽ 942 ഉൽപ്പന്നങ്ങൾ കേരളഗ്രോ ബ്രാൻഡിലേക്ക് ഇതിനകം മാറിയിട്ടുണ്ടെന്ന് കൃഷി മന്ത്രി പി പ്രസാദ് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കർഷകരുടെ ഉത്പ്പന്നങ്ങൾക്ക് സർക്കാർ തന്നെ ‘കേരളഗ്രോ’ എന്ന ബ്രാൻഡിൽ പ്രാദേശിക വിപണിക്കപ്പുറത്തേക്കുള്ള വിപണന സാധ്യത കണ്ടെത്തി നൽകുകയാണ് ഇത്തരം സ്റ്റോറുകൾ. 14 ജില്ലകളിലായി ആരംഭിച്ചിട്ടുള്ള 15 കേരളഗ്രോ ബ്രാൻഡഡ് ഷോപ്പുകൾ, 14 പ്രീമിയം ഔട്ട്‌ലെറ്റുകൾ, മില്ലറ്റ് കഫേകൾ എന്നിവ മുഖേന ലഭ്യമായ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണന സൗകര്യവും തയ്യാറാക്കിയിട്ടുണ്ട്. ഹോർട്ടികോർപ്പ്, VFPCK ഔട്ട്‌ലെറ്റുകൾ, പ്രാദേശിക സിവിൽ സപ്ലൈസ് സ്റ്റോറുകൾ തുടങ്ങിയ വഴി കേരളഗ്രോ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. വിവിധ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നതിന് ഉപരി അവയുടെ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കുക അനിവാര്യമാണെന്ന് കൃഷി മന്ത്രി പി പ്രസാദ് പറയുന്നു. ബ്രാൻഡ് അനുമതി എങ്ങനെ നേടാം ഉൽപ്പന്നങ്ങൾക്ക് “കേരളഗ്രോ” ബ്രാൻഡ് അനുവദിച്ച് നൽകുന്നതിന് GST രജിസ്ട്രേഷൻ (ആവശ്യമുള്ള പക്ഷം), ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങൾ, ലീഗൽ മെട്രോളജി വകുപ്പുമായി ബന്ധപ്പെട്ട ലൈസൻസുകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ലൈസൻസുകൾ, FSSAI രജിസ്ട്രേഷൻ (ഭക്ഷ്യ വസ്തുക്കൾക്ക് മാത്രം), ന്യൂട്രിയന്റ് അനാലിസിസ് റിപ്പോർട്ട് (ഭക്ഷ്യ വസ്തുക്കൾക്ക് മാത്രം), മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റ് (ആവശ്യമുള്ള പക്ഷം, എന്നീ രേഖകൾ ബന്ധപ്പെട്ട കൃഷി ഭവനിൽ സമർപ്പിക്കണം. കൃഷി ഭവൻ തലത്തിൽ കണ്ടെത്തുന്ന ഉൽപ്പന്നങ്ങളുടെ പട്ടിക ജില്ലാ തല കമ്മിറ്റി ഗുണമേന്മ ഉൾപ്പെടെ പരിശോധിച്ച് അംഗീകരിക്കുന്ന മുറയ്ക്ക് സംരംഭകർ അതാത് കൃഷി ഭവനിലെ കൃഷി ഓഫീസർ/കൃഷി ഫീൽഡ് ഓഫീസറുമായി ധാരണാപത്രം ഒപ്പു വയ്‌ക്കേണ്ടതാണ്.
തുടർന്ന് ടി സംരംഭകരുടെ വിവരങ്ങൾ, കൃഷി ഡയറക്ടർ പരിശോധിച്ച് ബ്രാൻഡ് അനുവദിച്ച് നൽകുന്നതാണ്.ഗുണനിലവാര പരിശോധന കേരളഗ്രോ ബ്രാൻഡ് അനുവദിക്കുന്നതിനുള്ള അപേക്ഷ ലഭ്യമാകുന്ന മുറയ്ക്ക് കൃഷി ഭവനിലെ ഉദ്യോഗസ്ഥർ പ്രസ്തുത യൂണിറ്റുകൾ സന്ദർശിച്ച് മൂല്യ വർദ്ധന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യത, മാലിന്യ നിർമ്മാർജ്ജനത്തിനുള്ള ക്രമീകരണങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള ലൈസൻസ്, FSSAI രജിസ്ട്രേഷൻ, ലീഗൽ മെട്രോളജി വകുപ്പിൽ നിന്നുള്ള ലൈസൻസ് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കും. കൂടാതെ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പോഷക ഗുണം ഉറപ്പാക്കുന്നതിന് ന്യൂട്രീഷണൽ അനാലിസിസും നടത്തും.കാർഷിക ഉൽപ്പന്നങ്ങളുടെ ഉത്പാദനം, അനുയോജ്യമായ മൂല്യ വർദ്ധന പ്രവർത്തനങ്ങൾ, വിപണനം ഉൾപ്പെടെയുള്ള കാർഷിക അനുബന്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ ഏറ്റെടുത്ത് നടത്തുന്നതിനായി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO-കൾ) രജിസ്റ്റർ ചെയ്ത് സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ദ്വിതീയ കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ മൂല്യ വർദ്ധിത മേഖലയിൽ കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചിട്ടുണ്ട്. മൂല്യ വർദ്ധിത ഉൽപന്ന മേഖലയിൽ പ്രവർത്തിക്കുന്ന കാർഷിക സംരംഭകർക്ക് ആവശ്യമായ സാങ്കേതിക, വിപണി അധിഷ്ഠിത സേവനങ്ങൾ നൽകുന്നതിന് സർക്കാർ കേരളഗ്രോ ബിസിനസ് കമ്പനി (KABCO) രൂപീകരിച്ചിട്ടുണ്ട്.കാർഷിക ഉൽപ്പന്നങ്ങൾ ഉണക്കി സൂക്ഷിക്കുന്നതിനും, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതിനുമുള്ള സാങ്കേതിക വിദ്യകളും, ഇതുമായി ബന്ധപ്പെട്ട പരിശീലനങ്ങളും സംസ്ഥാന സ്മാൾ ഫാർമേഴ്‌സ് അഗ്രി ബിസിനസ്സ് കൺസോർഷ്യം (SFAC) വഴിയും കേരള കാർഷിക സർവകലാശാലയുടെ അഗ്രിബിസിനസ് ഇൻകുബേഷൻ സെന്റർ വഴിയും നൽകി വരുന്നുണ്ട്. കാർഷിക ഉൽപ്പന്നങ്ങൾക്ക് അനുയോജ്യമായ പാക്കിംഗും വിപണന സംവിധാനവും ഒരുക്കുന്നതിന്റെ ഭാഗമായി മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗും സംസ്ഥാന കൃഷി വകുപ്പും തമ്മിൽ ഒപ്പിട്ട ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്കും, കർഷകർക്കും, FPO-കൾക്കും, കർഷകഗ്രൂപ്പുകൾക്കും, കൃഷിക്കൂട്ടങ്ങൾക്കും പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ മൂല്യ വർദ്ധിത മേഖലയിലെ കാർഷിക സംരംഭകർക്ക് ആവശ്യമായ പരിശീലനവും സാങ്കേതിക പിന്തുണയും വിപണി പിന്തുണയും ഉറപ്പാക്കുവാനായി ‘കെയർ’ പദ്ധതിയിൽ പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്.വിപണന സാധ്യതകൾസംസ്ഥാനത്തെ കർഷകർ, കർഷക സംരംഭകർ, കൃഷിക്കൂട്ടങ്ങൾ, കർഷക ഉത്പാദക സംഘടനകൾ (FPO), കർഷക ഉത്പാദക കമ്പനികൾ (FPC), മറ്റ് കർഷക കൂട്ടായ്മകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവർ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ, കൃഷി വകുപ്പിന്റെയും ഹോർട്ടികോർപ്പിന്റെയും, വി.എഫ്.പി.സി.കെ.-യുടെയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെയും നിയന്ത്രണത്തിലുള്ള ഔട്ട്-ലെറ്റുകൾ വഴി വിപണനം നടത്തുന്നുണ്ട്.