തലശ്ശേരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ: സിനിമാ താരങ്ങൾ കോളേജുകളിലേക്ക്

തലശ്ശേരി: സംസ്ഥാന ചലച്ചിത്ര അക്കാദമി ഒക്ടോബർ 16 മതൽ 19 വരെ തലശ്ശേരിയിൽ സംഘടിപ്പിക്കുന്ന തലശ്ശേരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം സിനിമാ താരങ്ങൾ കോളേജുകളിലെത്തും. ഒക്ടോബർ ആറ് മുതൽ 10 വരെയാണ് കോളേജുകളിൽ താരങ്ങളെത്തുന്നത്. അറിന് മാഹി കോളേജിലും തലശ്ശേരി നഴ്‌സിംഗ് കോളേജിലും ഗീതി സംഗീത എത്തും. എഴിന് ആശാ അരവിന്ദും ഗീതി സംഗീതയും തലശ്ശേരി എഞ്ചിനിയറിംഗ് കോളേജിലും ക്രൈസ്റ്റ് കോളേജിലും എട്ടിന് കുക്കു പരമേശ്വരൻ കൂത്തുപറമ്പ് നിർമലഗിരി കോളേജിലും മട്ടന്നൂർ പഴശ്ശി രാജാ കോളേജിലും സന്ദർശനം നടത്തും. ഒൻപതിന് സന്തോഷ് കീഴാറ്റൂർ, പാലയാട് യൂനിവേഴ്‌സിറ്റി കോളേജ് ക്യാമ്പസിലും ഗവ.ബ്രണ്ണൻ കോളേജിലുമെത്തും. 10ന് സിബി തോമസ് തോട്ടട എസ്എൻ കോളേജും ചൊക്ലി കൊടിയേരി ബാലകൃഷ്ണൻ സ്മാരക കോളേജും സന്ദർശിക്കും.
ഒക്ടോബർ 16, 17, 18, 19 തീയ്യതികളിൽ തലശ്ശേരി ലിബർട്ടി തിയേറ്റർ സമുച്ചയത്തിലാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. 31 അന്താരാഷ്ട്ര സിനിമകളും 10 ഇന്ത്യൻ സിനിമകളും 14 മലയാള സിനിമകളുമടക്കം 55 സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. ലിബർട്ടി പാരഡൈസ്, ലിബർട്ടി ലിറ്റിൽ പാരഡൈസ്, ലിബർട്ടി സ്യൂട്ട് തിയറ്ററുകളിലായി ഒരേ സമയം 1200 പേർക്ക് സിനിമ കാണാനുള്ള അവസരം ഉണ്ട്. ഒരു ദിവസം അഞ്ച് സിനിമകളാണ് പ്രദർശിപ്പിക്കുക. ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഓൺലൈനായാണ് രജിസട്രേഷൻ. ലിങ്ക്: https://registration.iffk.in/ ഓഫ് ലൈനായി തലശ്ശേരി സംഘാടകസമിതി ഓഫീസിലും ലീബർട്ടി തിയേറ്ററിലും രജിസ്റ്റർ ചെയ്യാം.