കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന കേരളത്തില്‍ നിര്‍ത്തിച്ചു; നടപടിയുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്

Share our post

തിരുവനന്തപുരം: കേരളത്തില്‍ കോള്‍ഡ്രിഫ് (Coldrif) സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവയ്പ്പിച്ചു. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ് ആര്‍ 13 ബാച്ചില്‍ പ്രശ്‌നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ഈ സിറപ്പ് സംസ്ഥാനത്തെ മരുന്ന് കടകളിൽ നിന്നോ ആശുപത്രികളിൽ നിന്നോ വിൽക്കാനോ കൊടുക്കാനോ പാടില്ല. ഈ ബാച്ച് മരുന്നിന്റെ വില്‍പ്പന കേരളത്തില്‍ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസിലാക്കിയതെന്നും എങ്കിലും സുരക്ഷയെ കരുതിയാണ് കോള്‍ഡ്രിഫ് മരുന്നിന്റെ വിതരണവും വില്‍പ്പനയും പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. കേരളത്തിൽ എട്ട് വിതരണക്കാര്‍ വഴിയാണ് ഈ മരുന്നിന്റെ വില്‍പ്പന നടത്തുന്നത്. ഈ കേന്ദ്രങ്ങളിലെല്ലാം തന്നെ വിതരണവും വില്‍പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയുള്ള കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധനകള്‍ നടന്നു വരുന്നു. കോള്‍ഡ്രിഫ് സിറപ്പിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതോടൊപ്പം മറ്റ് ചുമ മരുന്നുകളുടേയും (സിറപ്പ്) സാമ്പിളുകള്‍ ശേഖരിച്ച് വരുന്നു. കേരളത്തില്‍ ചുമ മരുന്നുകള്‍ നിര്‍മ്മിക്കുന്ന അഞ്ച് കമ്പനികളുടെ മരുന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സെന്‍ട്രല്‍ ഡിജിഎച്ച്സിന്റെ നിര്‍ദ്ദേശപ്രകാരം രണ്ടു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍ ചുമയ്ക്കുള്ള സിറപ്പ് പ്രിസ്‌ക്രൈബ് ചെയ്യരുത്. അഥവാ അത്തരത്തില്‍ മരുന്ന് കുറിപ്പടി വന്നാലും ചുമയ്ക്കുള്ള സിറപ്പ് നല്‍കരുതെന്ന് എല്ലാ മെഡിക്കല്‍ സ്റ്റോറുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഞ്ചു വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ചുമയ്ക്കുള്ള സിറപ്പ് നല്‍കുന്നെങ്കില്‍ നിരീക്ഷണം ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെഎംഎസ്‍സിഎല്‍ വഴി കോള്‍ഡ്രിഫ് സിറപ്പ് വിതരണം ചെയ്യുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ നൽകരുതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദേശം നൽകിയിരുന്നു. മരുന്ന്‌ കഴിച്ച്‌ മധ്യപ്രദേശിൽ ഒമ്പത്‌ കുട്ടികൾ മരിച്ചതിനെ തുടർന്നാണ്‌ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും മന്ത്രാലയം നിർദേശം നൽകിയത്‌. മരുന്നുപയോഗിക്കാതെ തന്നെ കുട്ടികളിലെ മിക്ക ചുമ രോഗങ്ങളും സ്വയം ഭേദമാകുന്നവയാണെന്നും നിർദേശത്തിൽ പറഞ്ഞു. അഞ്ചുവയസിന്‌ താഴെയുള്ള കുട്ടികൾക്ക്‌ പൊതുവേ ഇ‍ൗ മരുന്നുകൾ നൽകാറില്ല. അതിന്‌ മുകളിലുള്ളവർ മരുന്ന്‌ ഉപയോഗിക്കുമ്പോൾ ഡോസ്‌ കൂടാതെയും മറ്റ്‌ മരുന്നുകളോടൊപ്പം കഴിക്കാതെയും ശ്രദ്ദിക്കണമെന്നും നിർദേശമുണ്ട്.

മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ രണ്ടാഴ്ചയ്ക്കിടെ ചുമമരുന്ന് കഴിച്ച് ഒമ്പത് കുട്ടികളാണ് മരിച്ചത്. രാജസ്ഥാനിൽ രണ്ട് കുട്ടികളും മരിച്ചു. പത്ത് കുട്ടികൾ നിലവിൽ ചികിത്സയിലാണ്. 1400 കുട്ടികൾ രാജസ്ഥാനിൽ നിരീക്ഷണത്തിലാണ്. മരണകാരണം ചുമ മരുന്ന് കഴിച്ചതാകാമെന്നാണ് നി​ഗമനം. ഐസിഎംആർ ഉൾപ്പെടെയുള്ള വിശദമായ പഠന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.രാജസ്ഥാനിൽ ആശുപത്രികളിൽ ചുമ മരുന്ന് വിതരണം ചെയ്തിരുന്ന കെയ്‌സൺ ഫാർമ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ട കമ്പനിയാണെന്ന് കണ്ടെത്തി. ​ഗുണ നിലവാരമില്ലെന്നും മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും നിരന്തരം പരാതി ഉയരുന്ന കമ്പനിയുടെ മരുന്നുകളാണ് ഇരു സംസ്ഥാനങ്ങളിലെയും സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്തിരുന്നത്. മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ചുമ മരുന്നിന്റെ വിതരണവും വിപണനവും ആരോ​ഗ്യവകുപ്പ് നിരോധിച്ചു.കെയ്‌സൺ ഫാർമ കമ്പനി നിർമിക്കുന്ന ഡെക്‌സ്ട്രോമെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ് എന്ന സംയുക്തം അടങ്ങിയ കഫ് സിറപ്പ് കഴിച്ചാണ് കുട്ടികൾ മരിച്ചത്. 660 കുപ്പി മരുന്നുകൾ വാങ്ങിയതായി ഫാർമ കമ്പനി സ്ഥിരീകരിച്ചു. ഇതിൽ 594 കുപ്പികൾ ചിന്ദ്‌വാരയിലെ മൂന്ന് വിതരണക്കാർക്ക് കൈമാറി. 66 കുപ്പികൾ കമ്പനിയുടെ കൈവശമുണ്ടായിരുന്നു. പതിനാറ് കുപ്പികൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ബാക്കിയുള്ള സ്റ്റോക്കുകളുടെ വിൽപ്പന നിരോധിച്ചു. വിഷയം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!