സ്ത്രീത്വത്തെ അപമാനിച്ചു; ഷാജൻ സ്കറിയക്കെതിരെ കേസ്

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചതിന് മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെ കേസ്. കോൺഗ്രസ് പ്രവർത്തക താര ടോജോ അലക്സിന്റെ പരാതിയിൽ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. കൊച്ചി പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിനെതിരായി താര സാമൂഹിക മാധ്യമങ്ങളിൽ നടത്തിയ പ്രതികരണത്തെ വിമർശിച്ചാണ് മറുനാടൻ മലയാളി യൂട്യൂബ് ചാനലിൽ ഷാജൻ സ്കറിയ വീഡിയോ പങ്കുവച്ചത്. തുടർന്ന് വീഡിയോയ്ക്ക് താരയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ നിരവധി കമന്റുകളും വന്നിരുന്നു. കോൺഗ്രസിലെ യുവ നേതാവിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെ യുവനടി റിനി ആൻ ജോർജിന് നേരെ വ്യാപക സൈബർ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ മാസം റിനി നൽകിയ പരാതിയിൽ ഷാജൻ സ്കറിയക്കെതിരെ എറണാകുളം റൂറൽ സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്.