നിയമ സര്‍വകലാശാല: നിയമനം പിഎസ്സിയില്‍ നിന്ന് മാറ്റുന്നു

തിരുവനന്തപുരം: നിയമ സര്‍വകലാശാലയിലെ അനധ്യാപകനിയമനം പിഎസ്സിയില്‍നിന്നൊഴിവാക്കാന്‍ സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുന്നു. ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. 2015 മുതല്‍ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും അനധ്യാപക നിയമനങ്ങള്‍ പിഎസ്സിയാണ് നടത്തുന്നത്. കേരളസര്‍വകലാശാലയിലെ നിയമനം സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ ലോകായുക്തയുടെയും ഹൈക്കോടതി നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷന്റെയും ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍വകലാശാലാ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടത്. ഇതിലാണ് സര്‍ക്കാര്‍ തിരുത്തല്‍ വരുത്തുന്നത്. പിഎസ്സി വഴി നടത്തുന്ന നിയമനം ഒഴിവാക്കുന്ന നടപടി സംസ്ഥാനത്ത് ആദ്യമാണ്. നിയമസര്‍വകലാശാലയില്‍ ഒട്ടേറെ നിയമനങ്ങള്‍ ഇപ്പോള്‍ നടന്നിട്ടുണ്ട്. ഇതൊന്നും പിഎസ്സി വഴിയല്ല. പിഎസ്സി നിയമനം നടത്തണമെന്ന വ്യവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഇവരെ സ്ഥിരപ്പെടുത്താനും കഴിയില്ല. ബില്ല് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ അനധ്യാപക നിയമനങ്ങള്‍ സര്‍വകലാശാല ഭരണസമിതിക്ക് നേരിട്ട് നടത്താനാകും.മറ്റ് സര്‍വകലാശാലകളിലെ നിയമനവും നിയമസര്‍വകലാശാലയിലെ നിയമനവും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. ഇവിടെ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ മറ്റുസര്‍വകലാശാലയില്‍ നിന്ന് വ്യത്യസ്തമാണ്. പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങളില്ല. നിയമസര്‍വകലാശാലയിലെ നിയമനം മാത്രം പിഎസ്സിയില്‍ നിന്ന് മാറ്റുന്നതിനെതിരേ സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നല്‍കി.