സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി വരുന്നു

തിരുവനന്തപുരം: കേരളത്തിൽ അഞ്ച് പുതിയ ദേശീയപാതകള്‍ക്ക് പദ്ധതി രേഖ തയ്യാറാക്കുവാനുള്ള നടപടികള്‍ ആരംഭിച്ചു. കേന്ദ്രഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത്മന്ത്രി പി എ മുഹമ്മദ് റിയാസും നടത്തിയ കൂടിക്കാഴ്ചയിൽ ഉന്നയിച്ച ആവശ്യത്തെ തുടർന്നാണ് നടപടി. സംസ്ഥാനത്തെ കൂടുതല്‍ പാതകള്‍ ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുകയും. അതിനുള്ള വിശദമായ നിര്‍ദേശം സംസ്ഥാന സർക്കാർ സമര്‍പ്പിക്കുകയും ചെയ്തിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. സംസ്ഥാന സർക്കാരിൻ്റെ തുടർച്ചയായ ഇടപെടലിൻ്റെ ഭാഗമായി രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ്, കണ്ണൂര്‍ വിമാനത്താവള റോഡ് (ചൊവ്വ – മട്ടന്നൂര്‍), കൊടൂങ്ങല്ലൂര്‍ – അങ്കമാലി റോഡ്, വൈപ്പിന്‍ – മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവ ദേശീയപാതാ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു. കൊച്ചി – മധുര ദേശീയപാതയില്‍ കോതമംഗലം, മൂവാറ്റുപുഴ ബൈപാസ് നിർമാണത്തിനുള്ള പദ്ധതി രേഖയും തയ്യാറാക്കുകയാണ്. ജനങ്ങളുടെ ദീർഘകാലത്തെ സ്വപ്നമായ പാതകളുടെ വികസനം യാഥാർഥ്യമാക്കുവാൻ ഇടപെട്ട കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി അറിയിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.