ഒന്നാമത് അഖില കേരള ടേബിൾ ടെന്നിസ് ടൂർണമെന്റ് പത്തിന് തുടങ്ങും

കല്‍പ്പറ്റ: വയനാട് ടേബിള്‍ ടെന്നിസ് അസോസിയേഷന്‍, അപ്പക്‌സ് അക്കാദമി ഓഫ് ടേബിള്‍ ടെന്നിസ്, കോസ്‌മോപൊളിറ്റന്‍ ക്ലബ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ടേബിള്‍ ടെന്നിസ് സംസ്ഥാന റാങ്കിംഗ് ടൂര്‍ണമെന്റ് 10 മുതല്‍ 12 വരെ കോസ്‌മോപൊളിറ്റന്‍ ക്ലബില്‍ നടക്കും. 10ന് രാവിലെ ഒമ്പതിന് മത്സരം ആരംഭിക്കും. വിവിധ ജില്ലകളില്‍നിന്നുള്ള 500 ഓളം താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അണ്ടര്‍ 9, 11, 13, 15,17,19 സിംഗിള്‍സ് വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരം ഉണ്ടാകും. സ്ത്രീകള്‍, പുരുഷന്‍മാര്‍, 40നും 50നും മുകളില്‍ പ്രായമുള്ളവര്‍, നോണ്‍ മെഡലിസ്റ്റ് വിഭാഗങ്ങളില്‍ സിംഗിള്‍സ് മത്സരം നടക്കും. ഡബിള്‍സില്‍ 15 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍, ആണ്‍കുട്ടികള്‍, പുരുഷന്‍മാര്‍, സ്ത്രീകള്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് പദ്മജ മേനോന്‍ ഉള്‍പ്പെടെ പ്രമുഖര്‍ വിവിധ ദിവസങ്ങളില്‍ ടൂര്‍ണമെന്റ് കാണാനെത്തും. 12ന് വൈകുന്നേരമാണ് സമാപനം. കല്‍പ്പറ്റ ലിയോ മെട്രോയാണ് ടൂര്‍ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍.വയനാട് ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ പ്രസിഡന്റ് എ.ആര്‍. വിനോദ്, അപ്പെക്‌സ് അക്കാദമി ഡയറക്ടറും മുഖ്യ പരിശീലനകനുമായ എം. രാഹുല്‍, കോസ്‌മോപൊളിറ്റന്‍ ക്ലബ് സെക്രട്ടറി ഹനീഫ കല്ലങ്കോടന്‍ എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.