ക്രിമിനല്‍ കേസുള്ളവര്‍ക്ക് കോളേജുകളില്‍ പ്രവേശം നല്‍കരുത്; സര്‍ക്കുലര്‍ അയച്ച് കേരള സര്‍വകലാശാല

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളവര്‍ക്ക് കോളേജുകളില്‍ പ്രവേശം നല്‍കരുതെന്നു കാണിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ സര്‍ക്കുലര്‍ ഇറക്കി. പ്രവേശം നേടുന്നവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് സത്യവാങ്മൂലം നല്‍കണം. തെറ്റായ സത്യവാങ്മൂലമാണ് നല്‍കുന്നതെങ്കില്‍ അത്തരം വിദ്യാര്‍ഥികള്‍ക്കെതിരേ പിന്നീട് നടപടിയെടുക്കുമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. വിദ്യാര്‍ഥികളുടെ ക്രിമിനല്‍ പ്രവര്‍ത്തനം സംബന്ധിച്ച് എന്തൊക്കെ കാര്യങ്ങളാണ് പ്രവേശസമയത്ത് പരിശോധിക്കേണ്ടതെന്നതും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. കോളേജുകളില്‍നിന്ന് ഡീബാര്‍ ചെയ്യപ്പെട്ടിട്ടുണ്ടോ, ക്രിമിനല്‍ കേസുകളില്‍ പ്രതികളാണോ, സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, ഇത്തരം ഏതെങ്കിലും കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ, പരീക്ഷാക്രമക്കേടില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പ്രാഥമിക പരിശോധനയില്‍ വേണ്ടത്. ഇതെല്ലാം ഉള്‍പ്പെടുത്തിയാകും സത്യവാങ്മൂലം വാങ്ങുക.