ശബരിമലയിലേക്കെന്ന് പറഞ്ഞ് ഡ്യൂപ്ലിക്കേറ്റ് കവാടം നിർമ്മിച്ചു; ചെന്നൈയിൽ പൂജ, ചടങ്ങിൽ നടൻ ജയറാമും

ശബരിമലയുടെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ കൂടുതൽ തട്ടിപ്പുകൾ പുറത്ത്. ശബരിമലയിലെ ശ്രീകോവിലിന്റെ കവാടത്തിന് സാമ്യമുള്ള സ്വർണ വാതിൽ ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ചതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. നിർമാണത്തിന് ശേഷം ചെന്നൈയിൽ വെച്ച് പൂജ നടന്നു. നടൻ ജയറാമും ഗായകൻ വീരമണിയും ചടങ്ങിൽ പങ്കെടുത്തു. ആന്ധ്രാപ്രദേശിൽ നിന്നുള്ള ധനികനായ വ്യവസായിയും അയ്യപ്പഭക്തനുമായ ആളിൽ നിന്ന് പണം വാങ്ങിയ ശേഷമാണ് വാതിൽ നിർമിച്ചിരിക്കുന്നത്. 2019 ഏപ്രിൽ- ജൂലൈ മാസങ്ങൾക്ക് ഇടയിലായിരുന്നു വാതിന്റെ നിർമാണം എന്നാണ് ലഭിക്കുന്ന വിവരം. ശബരിമലയിൽ സമർപ്പിക്കാൻ എന്ന് വ്യവസായിയെ വിശ്വസിപ്പിച്ച ശേഷം വാതിൽ നിർമിക്കുകയായിരുന്നു. ആന്ധ്രയിൽ തന്നെയായിരുന്നു വാതിലിന്റെ നിർമാണം.
ഇത് പിന്നീട് ചെന്നൈയിൽ എത്തിച്ച ശേഷമാണ് സ്വർണം പൂശിയത്. തുടർന്ന് ചെന്നൈയിൽ തന്നെ വലിയ ചടങ്ങുകൾ നടന്നു. ഇതിന്റെ ഭാഗമായാണ് അയ്യപ്പഭക്തനായ നടൻ ജയറാം പങ്കെടുക്കുന്നത്. ‘അയ്യപ്പന്റെ നടവാതിൽ സ്വർണത്തിൽ പൊതിഞ്ഞ് ശബരിമലയിലേക്ക് യാത്രയാകുന്നതിന് മുൻപ് പൂജ ചെയ്യാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി. മണിക്കൂറുകൾക്കുള്ളിൽ ശബരിമലയിലേക്ക് പുറപ്പെടും. നാളെ അല്ലെങ്കിൽ മറ്റന്നാൾ ശബരിമലയിൽ സ്ഥാപിക്കും. കോടാനുകോടി ഭക്തജനങ്ങൾ തൊട്ട് തൊഴാറുള്ള അയ്യപ്പന്റെ മുൻപിലുള്ള ഈ കവാടം ആദ്യമായി തൊട്ട് തൊഴാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഒരുപാട് ഒരുപാട് സന്തോഷം. മറക്കാൻ പറ്റാത്ത ദിവസം. സ്വാമിയേ ശരണമയ്യപ്പാ’ എന്നാണ് ജയറാം വീഡിയോയിൽ പറയുന്നത്. വാതിലിന്റെ പൂജാ ചടങ്ങുകൾക്ക് ശേഷം ജയറാം പകർത്തിയ വീഡിയോയാണിത്. ഈ വാതിൽ ശബരിമലയിൽ എത്തിയോ എന്നതിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന്റെ അടക്കം പ്രതികരണം വരേണ്ടതുണ്ട്.