ജുമാ നിസ്കാരത്തിന് മുമ്പ് ഇന്റർനെറ്റ് വിച്ഛേദിച്ചു, ഡ്രോണുകൾ വിന്യസിച്ചു, ഉത്തർപ്രദേശിലെ ബറേലിയിൽ സുരക്ഷ ശക്തമാക്കി

Share our post

ബറേലി (ഉത്തർപ്രദേശ്): ഇന്ന് ജുമാ നിസ്‌കാരത്തിന് ആളുകൾ ഒത്തുകൂടുമ്പോൾ അശാന്തി ഉണ്ടാകുമെന്ന ആശങ്കയെത്തുടർന്ന് ഉത്തർപ്രദേശിലെ ബറേലിയിൽ ഇന്റർനെറ്റ് സേവനങ്ങൾ ഇന്നലെ ഉച്ചക്ക് മുതൽ നിർത്തിവച്ചു. നാളെ ഉച്ചകഴിഞ്ഞ് 3 വരെ ബറേലിയിൽ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ആശങ്കയെ തുടർന്ന് ബറേലി ഡിവിഷനിലെ നാല് ജില്ലകളിലും സുരക്ഷ ശക്തമാക്കി. തെരുവുകളിൽ സേനയെ വിന്യസിച്ചു. നിരീക്ഷണം ശക്തമാക്കാൻ ഡ്രോണുകളും വിന്യസിച്ചു. ആറായിരത്തിലേറെ പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചത്. 

ബറേലിയിൽ ‘ഐ ലവ് മുഹമ്മദ്’ മാർച്ചിനിടെ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് സംഘർഷ സാധ്യതയുണ്ടായത്. സാഹചര്യങ്ങൾ കണക്കിലെടുത്ത് 48 മണിക്കൂർ ഇന്റർനെറ്റ് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് സിറ്റി മജിസ്ട്രേറ്റ് ആലങ്കാർ അഗ്നിഹോത്രി പറഞ്ഞു. കഴിഞ്ഞ ആഴ്ച വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം നടന്ന ‘ഐ ലവ് മുഹമ്മദ്’ എന്ന വിവാദത്തെ തുടർന്ന് നടന്ന പ്രകടനത്തിലുണ്ടായ സംഘർഷത്തെ തുടർന്നാണ് മുൻകരുതൽ. സംഭവത്തിൽ ഇതുവരെ, പ്രാദേശിക പുരോഹിതനും ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ പ്രസിഡന്റുമായ തൗഖീർ റാസ ഖാൻ, അദ്ദേഹത്തിന്റെ അടുത്ത അനുയായികളായ ഡോ. നഫീസ് ഖാൻ, നദീം ഖാൻ എന്നിവരുൾപ്പെടെ 80ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇമാമുമാരോടും പൊതുജനങ്ങളോടും സമാധാനം നിലനിർത്താനും കിംവദന്തികൾ ഒഴിവാക്കാനും അധികാരികളുമായി സഹകരിക്കാനും ദർഗ അല ഹസ്രത്തിലെ സുന്നി മർകസിൽ നിന്ന് ജമാഅത്ത് റാസ-ഇ-മുസ്തഫ ദേശീയ വൈസ് പ്രസിഡന്റ് സൽമാൻ ഹസൻ ഖാൻ അഭ്യർത്ഥിച്ചു. വെള്ളിയാഴ്ച പ്രഭാഷണങ്ങളിൽ ഐക്യത്തിനായി പ്രത്യേക ആഹ്വാനം നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!