അമ്മത്തൊട്ടിലിൽ വീണ്ടും താരാട്ട്: ഇന്നലെയെത്തിയത് മൂന്ന് പെൺതാരകങ്ങൾ

തിരുവനന്തപുരം: ഉപേക്ഷിക്കപ്പെട്ട കുഞ്ഞു നിലവിളികൾക്ക് കാതോർത്ത് തിരുവനന്തപുരത്തെയും ആലപ്പുഴയിലെയും അമ്മത്തൊട്ടിലുകൾ. ബുധനാഴ്ച രാത്രി കണ്ണു ചിമ്മാതെ കാത്തിരുന്ന തൊട്ടിലുകൾക്ക് അരികിലേക്ക് പൊന്നോമനകളെത്തി. ഒരേ ദിവസം തിരുവനന്തപുരത്തും ആലപ്പുഴയിലും എത്തിയത് പെൺകുട്ടികളായിരുന്നു. കുഞ്ഞുങ്ങളെത്തിയതറിഞ്ഞ് സൈറൺ മുഴങ്ങിയ ഇടത്തേക്ക് അമ്മമാർ ഓടിയെത്തി. പരിചരണ കേന്ദ്രങ്ങളിൽ എത്തിച്ച് തുടർ നടപടികൾ സ്വീകരിച്ചു. ബുധനാഴ്ച രാത്രി എട്ടു മണിക്കാണ് തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ആറ് ദിവസം പ്രായവും 2.300 കി.ഗ്രാം ഭാരവുമുള്ള പെൺകുരുന്നെത്തിയത്. ആലപ്പുഴയിൽ അർദ്ധരാത്രി 12.55 ന് 20 ദിവസം പ്രായവും 3.300 കിഗ്രാം ഭാരവുമുള്ള മറ്റൊരു പെൺ കുഞ്ഞുമെത്തി. വെളുപ്പിന് മൂന്നരയ്ക്ക് രണ്ടാഴ്ച പ്രായവും 3.300 കിഗ്രാം ഭാരവുള്ള അടുത്ത പെൺ അതിഥിയുടെ വരവ്. സംസ്ഥാന ശിശുക്ഷേമ സമിതി അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനു ശേഷം ഇതാദ്യമാണ് ഒരു ദിവസം മൂന്ന് കുരുന്നുകളെത്തുന്നത്. പല കാരണങ്ങളാൽ കുട്ടികളെ ഉപേക്ഷിക്കാൻ നിർബദ്ധിതരാകുന്നവരുടെ കുഞ്ഞുങ്ങളുടെ സംരക്ഷണവും പരിചരണവും ശിശുക്ഷേമ സമിതി ഏറ്റെടുക്കും എന്ന് ഉത്തമ ബോധ്യമുള്ളതു കൊണ്ടാണ് അമ്മ ത്തൊട്ടിലുകളിൽ കുരുന്നുകളുടെ വരവ് വർദ്ധിക്കുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപി പത്രസമ്മേളനത്തിൽ പറഞ്ഞു. ഗാന്ധിജയത്തി ദിനത്തിലും വിദ്യാരംഭ ദിവസവും സമിതിയിലെത്തിയ മക്കൾക്ക് അഹിംസ, അക്ഷര ,വീണ എന്നിങ്ങനെയാണ് പേരിട്ടത്. 2025-ൽ ആകെ 23 കുട്ടികളെയാണ് അമ്മത്തൊട്ടിലുകൾ വഴി ലഭിച്ചത്. ഇതിൽ 14 പെൺകുട്ടികളും 9 ആൺകുട്ടികളും ഉൾപ്പെടുന്നു. അഹിംസ, അക്ഷര, വീണ എന്നീ കുരുന്നുകളുടെ ദത്തെടുക്കൽ നടപടികൾ ആരംഭിക്കേണ്ടതിനാൽ ഇവർക്ക് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതിയുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അരുൺ ഗോപി അറിയിച്ചു.