ഉയർന്ന പെൻഷനായി അപേക്ഷിച്ചു; നിലവിലെ പെൻഷൻ നഷ്ടമായതായി പരാതി

കണ്ണൂർ: ശമ്പളത്തിന് ആനുപാതികമായ ഉയർന്ന ഇ.പി.എഫ് പെൻഷനായി അപേക്ഷിച്ചതോടെ നിലവിലെ പെൻഷൻ നഷ്ടമായതായി പരാതി. കണ്ണൂർ സർവോദയ സംഘത്തിലെ മുൻ ജീവനക്കാരാണ് ദുരിതത്തിലായത്. ഉയർന്ന പെൻഷൻ ലഭിക്കുമെന്ന പ്രതീക്ഷയിൽ അപേക്ഷ നൽകി, പുതുക്കിയ പെൻഷൻ ലഭിച്ചപ്പോൾ നിലവിൽ കിട്ടിക്കൊണ്ടിരുന്ന തുകയിൽപ്പോലും ഗണ്യമായ കുറവാണ് വന്നിരിക്കുന്നത്. 60 മാസത്തെ ശരാശരി കണക്കാക്കി, പ്രോ റേറ്റയും ബാധകമാക്കി അധികം വാങ്ങിയ പണം പലിശയോടെ തിരികെ അടക്കാനും നോട്ടീസ് ലഭിച്ചു. 70,000 രൂപയിലധികം പലരും അടക്കണം. പണം തിരിച്ചടച്ചില്ലെങ്കിൽ ഈടാക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു.2014 സെപ്റ്റംബർ ഒന്നിന് ശേഷം സർവിസിൽനിന്ന് പിരിഞ്ഞവർക്ക് ഉയർന്ന പെൻഷൻ അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി പ്രകാരം കണ്ണൂർ സർവോദയ സംഘത്തിലെ പെൻഷൻകാരും ഇ.പി.എഫ്.ഒ കണ്ണൂർ ഓഫിസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. അപേക്ഷ സ്വീകരിച്ചതിന് പിന്നാലെ ആവശ്യപ്പെട്ടതനുസരിച്ചുള്ള തുക ബാങ്ക് ഡി.ഡിയായി അടക്കുകയും ചെയ്തു. ഉയർന്ന പെൻഷൻ ലഭിക്കുമെന്ന പ്രതീക്ഷയിൽ ദിവസങ്ങൾ കാത്തിരുന്ന പെൻഷൻകാർക്ക് കഴിഞ്ഞ മാസം പുതുക്കിയ പെൻഷൻ വന്നപ്പോഴാണ് ഞെട്ടലുണ്ടായത്.ഇതുവരെ 2,523 രൂപ പെൻഷൻ കിട്ടിക്കൊണ്ടിരുന്ന പി. കുഞ്ഞിക്കണ്ണന് പുതുക്കിയ തുക 1,963 രൂപയായി കുറഞ്ഞു. ഇതുപോലെ നിലവിൽ പെൻഷൻ വാങ്ങിക്കൊണ്ടിരുന്ന ആറുപേർക്കാണ് വിവിധ രീതിയിൽ കുറവ് വന്നത്. ഇ.പി.എഫ് ഓഫിസിൽ അന്വേഷിച്ചപ്പോൾ പെൻഷൻ നിർണയിക്കുന്നതിൽ മാറ്റം വരുത്തിയതാണ് കാരണം എന്നാണ് അറിയിച്ചത്. ഉയർന്ന പെൻഷന് വേണ്ടി അപേക്ഷ നൽകാതിരുന്നെങ്കിൽ നിലവിൽ ലഭിച്ചിരുന്ന പഴയ പെൻഷൻ തുക തന്നെ തുടർന്നും ലഭിക്കുമായിരുന്നുവെന്ന് ഇവർ പറയുന്നു. കുടിശ്ശികയായി പണം തിരികെ അടക്കേണ്ട സാഹചര്യവും ഒഴിവാക്കാമായിരുന്നു.പുതിയ കണക്കുകൂട്ടൽ രീതി പ്രകാരം, പെൻഷനബിൾ ശമ്പളം നിർണയിക്കുന്നതിൽ പ്രധാന മാറ്റം വരുത്തിയിരുന്നു. സർവിസിൽനിന്ന് പിരിയുന്നതിന് അവസാനത്തെ ഒരു വർഷത്തെ ശമ്പളത്തിന് പകരം 60 മാസത്തെ (അഞ്ച് വർഷം) ശരാശരിയെടുത്താണ് പുതിയ കണക്കുകൂട്ടൽ. കൂടാതെ, പ്രോ റേറ്റ കൂടി ബാധകമാക്കിയപ്പോൾ പ്രതീക്ഷിച്ചതിൽനിന്ന് വിപരീതമായ ഫലമാണ് ഉണ്ടായത്. ഇതിൽ പലരും 10 വർഷത്തിലധികം മുമ്പ് സർവിസിൽനിന്ന് പിരിഞ്ഞവരാണ്. ഉയർന്ന പെൻഷൻ ലഭിക്കുമെന്ന് കരുതിയവർക്ക് നിലവിലുണ്ടായിരുന്ന തുച്ഛമായ പെൻഷൻ തുകയും നഷ്ടപ്പെട്ട അവസ്ഥയാണ്.