വന്യമൃഗ സാന്നിധ്യമുള്ള 276 ഏക്കറിൽ കാടുവെട്ടൽ തുടങ്ങി

ഇരിട്ടി: ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും കാടുകയറിയ സ്ഥലങ്ങളിൽ താവളമാക്കിയ കാട്ടാനക്കൂട്ടങ്ങളെ തുരത്താൻ രണ്ടാംഘട്ട കാടുവെട്ടൽ തുടങ്ങി. ഫാമിലെ ബ്ലോക്കുകളിൽ വന്യമൃഗങ്ങൾ താവളമാക്കിയ ഇരുപതിലധികം കേന്ദ്രങ്ങളുണ്ടെന്ന് വനം വകുപ്പ് കണ്ടെത്തിയിരുന്നു. ഭൂമി പതിച്ച് കിട്ടിയ കുടുംബങ്ങൾ വർ ഷങ്ങളായി താമസിക്കാത്ത പ്രദേശങ്ങളിലാണ് പൊന്തക്കാടുകൾ വളർന്ന് വന്യമൃഗങ്ങളുടെ താവളമായത്. 450 ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ വീതം പതിച്ചുനൽകിയ ഭൂമിയാണിതിൽ ഭൂരിഭാഗവും. ഫാമിൽനിന്ന് തുരത്തുന്ന ആനകളുടെ കേന്ദ്രങ്ങളാണീ സ്ഥലങ്ങൾ. ഒന്നാം ഘട്ടത്തിൽ 210 ഏക്കറിലെ കാട് വെട്ടി നീക്കിയിരുന്നു. രണ്ടാം ഘട്ടത്തിൽ 276 ഏക്കറിലെ കാട് തെളിക്കലിനാണ് പട്ടിക വർഗ വികസന വകുപ്പ് നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കിയത്. എസ്റ്റിമേറ്റ് അംഗീകാരത്തിന് സമർപ്പിച്ചു. ആനയെ തുരത്തൽ എളുപ്പമാകും കാട് തെളിക്കൽ പൂർത്തീകരിച്ചാൽ കാട്ടാനകളെ കോട്ടപ്പാറ വഴി വനത്തിലേക്ക് തുരത്തി വിടാൻ സാധിക്കും. നിലവിൽ തുരത്തുന്ന ആനകൾ പൊന്തക്കാടുകളിൽ കഴിയുകയാണ്. ഇവ മണിക്കൂറുകൾക്കകം ജനവാസ കേന്ദ്രങ്ങളിലേക്ക് തിരികെ എത്തുന്നതും പതിവാണ്. കാട് തെളിക്കൽ പൂർത്തീകരിക്കുന്നതോടെ ആനകൾക്ക് ജനവാസമേഖലയിൽ തങ്ങാൻ കഴിയാതെ വരുമെന്ന പ്രതീക്ഷയിലാണ് അധികൃതരും ആദിവാസി കുടുംബങ്ങളും.