ഏകീകൃത ടൂറിസ്റ്റ് വിസ പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം ആരംഭിക്കും

ഷാർജ: ജിസിസി രാജ്യങ്ങളിലേക്കുള്ള ഏകീകൃത ടൂറിസ്റ്റ് വിസ പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം ആരംഭിക്കുമെന്ന് യുഎഇ സാമ്പത്തിക ടൂറിസം മന്ത്രിയും, എമിറേറ്റ്സ് ടൂറിസം കൗൺസിൽ ചെയർമാനുമായ അബ്ദുള്ള ബിൻതൗക്ക് അൽമാരി പറഞ്ഞു. ആറു ജിസിസി രാജ്യങ്ങളും സന്ദർശിക്കാൻ സന്ദർശകർക്ക് അവസരം നൽകുന്ന, ഷെങ്കൻ ശൈലിയ്ക്ക് സമാനമായ ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ പ്രാദേശിക സംയോജനത്തിലേക്കുള്ള ചുവടുവെപ്പാണെന്നും, ഒരൊറ്റ ടൂറിസം കേന്ദ്രം എന്ന നിലയിൽ ഗൾഫിന്റെ കൂട്ടായ ആകർഷണം ഏകീകൃത വിസയിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഏകീകൃത ജിസിസി വിസയുടെ കൃത്യമായ തീയതി മന്ത്രി വെളിപ്പെടുത്തിയിട്ടില്ല. എല്ലാ ജിസിസി രാജ്യങ്ങളും പുതിയ വിസയുടെ ഗുണഭോക്താക്കൾ ആകുമെങ്കിലും ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ സൗദിക്കും യുഎഇ ആണ് കഴിയുക എന്നാണ് വിലയിരുത്തൽ.