ഓപ്പറേഷൻ വന രക്ഷ; രണ്ട് റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർക്ക് സസ്പെൻഷൻ

Share our post

സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി. തേക്കടി, വള്ളക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ.ഇ. സിബി, അരുൺ കെ. നായർ എന്നിവരെ സസ്പെൻഡ് ചെയ്തു. ഓപ്പറേഷൻ വന രക്ഷ എന്ന പേരിൽ ശനിയാഴ്ച രാവിലെയാണ് വിജിലൻസ് സംഘം സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന നടത്തിയത്. ലാൻഡ് എൻഒസി, മരംമുറി അനുമതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് വൻ ക്രമക്കേട് നടക്കുന്നു എന്നായിരുന്നു വിവരം. പെരിയാർ ഈസ്റ്റ് ഡിവിഷനിലെ തേക്കടി, വള്ളക്കടവ് റേഞ്ചുകളിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്. വള്ളക്കടവ് റേഞ്ച് ഓഫീസറുടെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് കരാറുകാരൻ 72 ലക്ഷം രൂപ നിക്ഷേപിച്ചതായി കണ്ടെത്തി. ഇതേ കരാറുകാരൻ തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കൈമാറിയ ബാങ്ക് അക്കൗണ്ടുകളിൽ 31 ലക്ഷം രൂപ നിക്ഷേപിച്ചെന്നും കണ്ടെത്തി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ ക്രമക്കേടും കൃത്യവിലോപവും നടന്നതായി പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതോടെയാണ് സസ്പെൻഷൻ നടപടി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!