കോളിത്തട്ട് സഹകരണ ബാങ്ക് ആർക്കും വേണ്ടേ

ഇരിട്ടി: കോടികളുടെ വെട്ടിപ്പും അധികാര ദുർവിനിയോഗവും കണ്ടെത്തിയ കോളിത്തട്ട് സഹകരണ ബാങ്ക് ഭരണം വീണ്ടും അനിശ്ചിതത്വത്തിൽ. നിലവിൽ സി.പി.എം നിയന്ത്രണത്തിലുള്ള ഭരണ സമിതി പിരിച്ചുവിട്ട് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കാൻ നാമനിർദേശപത്രിക സമർപ്പിക്കേണ്ട വ്യാഴാഴ്ച ആരും പത്രിക സമർപ്പിച്ചില്ല. ഇതോടെ ബാങ്കിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ ആശങ്ക തുടരുകയാണ്. ഭരണ സമിതി പിരിച്ചുവിട്ടപ്പോൾ ആദ്യം അഡ്മിനിസ്ട്രേറ്റർ ഭരണവും ഇപ്പോൾ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുമാണ് ഭരണം നടത്തുന്നത്. അഡ്മിനിസ്ട്രേറ്ററുടെ കാലാവധി അവസാനിച്ചപ്പോൾ തെരഞ്ഞെടുപ്പ് നടത്താൻ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും ആരും നാമനിർദേശ പത്രിക സമർപ്പിക്കാതെ വന്നതോടെ അന്നും തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. തുടർന്നാണ് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ഭരണം ഏറ്റെടുത്തത്.
നിലവിലെ ഭരണ പ്രതിസന്ധിക്ക് പരിഹാരം അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് കാലാവധി നീട്ടി നൽകുക അല്ലെങ്കിൽ വീണ്ടും നിലനിർത്തുക എന്നത് മാത്രമാണ്. നിലവിലെ സാഹചര്യത്തിൽ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെ ഭരണ കാലാവധി നീട്ടി നൽകാൻ അപേക്ഷ നൽകുമെന്നാണ് സൂചന. ബാങ്കിലെ എ ക്ലാസ് അംഗം ഷാജൻ പാലയാടൻ കൺവീനറും മറ്റ് എ ക്ലാസ് അംഗങ്ങളായ ജോൺ മനന്താനത്ത്, മാത്യു ഇഞ്ചിക്കാലായിൽ എന്നിവർ കമ്മിറ്റി അംഗങ്ങളുമായുള്ള അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയായിരുന്നു ബാങ്കിന്റെ ഭരണം നടത്തിയിരുന്നത്. ആറ് മാസത്തേക്കായിരുന്നു കമ്മിറ്റിയുടെ കലാവധി.ഇതിനുള്ളിൽ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണ സമിതിക്ക് അധികാരം കൈമാറണമെന്നാണ് സഹകരണ നിയമം. ഇതിന്റെ അടിസ്ഥാനത്തിലിറക്കിയ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിൽ വ്യാഴാഴ്ച രാവിലെ 11 മുതൽ രണ്ടുവരെയായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കേണ്ട സമയം. 2024 നവംബർ എട്ടിനാണ് സഹകരണ സംഘം ജോ. രജിസ്ട്രാർ ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തിയത്.
30 കോടിയുടെ ബാധ്യത
ജീവനക്കാരും ഭരണ സമിതി അംഗങ്ങളും ചേർന്ന് ബന്ധുക്കളുടെയും ബിനാമികളുടെയും പേരിൽ നടത്തിയ തട്ടിപ്പിലാണ് തിരിച്ചടവുകൾ മുടങ്ങി ബാങ്കിന്റെ പ്രവർത്തനം താളംതെറ്റിയത്. 15 കോടിയോളം രൂപയാണ് നിക്ഷേപകർക്ക് ലഭിക്കാനുള്ളത്. ഇതിൽ 50 ലക്ഷം രൂപ മാത്രമേ അഡ്മിനിസ്ട്രേറ്ററുടെ കാലത്ത് ബാങ്ക് വായ്പ ഇനത്തിൽ നൽകിയ തുകയിൽ തിരിച്ചുപിടിച്ച് നൽകാൻ കഴിഞ്ഞിട്ടുള്ളൂ. ഈ കാലയളവിൽ നിക്ഷേപകന് ലഭിച്ചത് നിക്ഷേപത്തുകയുടെ ഏഴ് ശതമാനം മുതൽ 10 ശതമാനം വരെ മാത്രമാണ്. 11 കോടിയോളം രൂപ ജില്ല ബാങ്കിനും ബാധ്യതയുണ്ട്.