വയോജനങ്ങൾക്കായി ‘സൊറ പറഞ്ഞിരിക്കാൻ ഒരിടം’

പയ്യാവൂർ : സമൂഹത്തിൽ പരസ്പരബന്ധങ്ങളും ആശയവിനിമയങ്ങളും കുറഞ്ഞുവരുന്ന സാഹചര്യത്തിൽ വയോജനങ്ങൾക്കായി ‘സൊറ പറഞ്ഞിരിക്കാൻ ഒരിടം’ ഒരുക്കി ചന്ദനക്കാംപാറയിലെ മുൻ ജില്ലാ ഹെൽത്ത് സൂപ്പർവൈസർ ഇ.ജെ. അഗസ്റ്റിൻ. ചന്ദനക്കാംപാറ മാവുംതോട്ടിലെ വാടക കെട്ടിടത്തിലാണ് വയോധികർക്കായി ഇദ്ദേഹം സൗകര്യമൊരുക്കിയത്. 60 വയസ്സായ ആർക്കും ഇവിടെ പ്രവേശനമുണ്ട്. പ്രത്യേക ഫീസൊന്നുമില്ല. പേര് രജിസ്റ്റർ ചെയ്യണമെന്നു മാത്രം. ദിവസവും രാവിലെ ഏഴ് മുതൽ 10 വരെയും വൈകീട്ട് മൂന്നുമുതൽ ഏഴുവരെയുമാണ് ഇവിടെ സമയം ചെലവഴിക്കാൻ അവസരം ലഭിക്കുന്നത്. ടിവി കാണാനും പത്രമാസികകൾ വായിക്കാനും സൗകര്യമുണ്ട്. ലഘുവ്യായാമമുറകൾ പരിശീലിപ്പിക്കുന്നതിനൊപ്പം മാസംതോറും വൈദ്യപരിശോധനയും മാനസിക സംഘർഷം ലഘൂകരിക്കുന്ന ബോധവത്കരണ ക്ലാസുകളുമുണ്ട്. കായിക വിനോദങ്ങൾ, കലാസന്ധ്യകൾ, അഗതിമന്ദിര സന്ദർശനം, ടൂർ പാക്കേജുകൾ എന്നിവ കൂടാതെ, അംഗങ്ങളുടെ ജന്മദിന, വിവാഹ വാർഷിക ആഘോഷങ്ങളും നടത്തും. ആസ്പത്രികളിൽ പോകേണ്ടവർക്ക് സൗജന്യ വാഹനസൗകര്യവും ഒരുക്കും. അംഗങ്ങളുടെ ഉത്പന്നങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള ആഴ്ചച്ചന്തകളും നടപ്പാക്കും.
വയോജനദിനമായ ബുധനാഴ്ച വൈകീട്ട് ആറിന് ചിത്രകാരി ജിഷ മഠത്തിൽ ‘സൊറ പറഞ്ഞിരിക്കാൻ ഒരിടം’ ഉദ്ഘാടനം ചെയ്യും. വെമ്പുവ തെരേസ ഭവൻ ഡയറക്ടർ ബ്രദർ ടി.കെ. സജി മുഖ്യാതിഥിയായിരിക്കും. മുതിർന്ന പൗരൻമാരെ ആദരിക്കുകയും ചെയ്യും. ഉദ്ഘാടനദിനത്തിലും തുടർന്നുമായി പേര് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 50 പേർക്ക് സൗജന്യ ഊട്ടിയാത്രയും ഒരുക്കിയിട്ടുണ്ട്. ജില്ലാ ഹെൽത്ത് സൂപ്പർവൈസറായി വിരമിച്ച അഗസ്റ്റിന് നാട്ടിലെ വയോജനങ്ങൾക്ക് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാണ് ഇത്തരത്തിലൊരു ആശയം ഉണ്ടായത്. മക്കൾ വിദേശത്തുള്ള പല വീടുകളിലെ മാതാപിതാക്കൾ ഏകാന്തത അനുഭവിക്കുകയാണെന്നും അത്തരത്തിൽ ഒറ്റപ്പെട്ടു കഴിയുന്നവരെ ഊർജസ്വലരായി ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഈ സംരംഭത്തിന് സാധിക്കുമെന്നും അഗസ്റ്റിൻ പറഞ്ഞു. കാരണമറിയാതെ സ്ഥിരമായി ചുമച്ച് ബുദ്ധിമുട്ടുന്നവരെ ആശവർക്കർമാർ മുഖേന കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കി ക്ഷയരോഗ നിർമാർജനം സാധ്യമാക്കിയതിന് സംസ്ഥാന അവാർഡ് സ്വന്തമാക്കിയ മാതൃകാ ആരോഗ്യപ്രവർത്തകൻ കൂടിയാണ് അഗസ്റ്റിൻ. ചെങ്ങളായി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ലേഡി ഹെൽത്ത് സൂപ്പർവൈസർ റെജീന ജോസഫാണ് ഭാര്യ. മകൾ ആർദ്ര കാനഡയിൽ ഫാർമസിസ്റ്റായി ജോലിചെയ്യുന്നു.