വിളിക്കൂ 1800–425–6789 ; മറുപടി പറയാൻ സർക്കാരുണ്ട്

തിരുവനന്തപുരം: പറയൂ, കേൾക്കാൻ ഇവിടെ സർക്കാരുണ്ട് എന്ന ഉറപ്പുനൽകി ‘ മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസൺ കണക്ട് സെന്റർ സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങി. പൊതുജനങ്ങൾക്ക് ഇനി പരാതികളും അഭിപ്രായങ്ങളും മുഖ്യമന്ത്രിയോട് നേരിട്ട് പറയാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററിലൂടെയാണ് പരാതി സ്വീകരിക്കുന്നത്. ഒരേസമയം 10 കോൾവരെ സ്വീകരിക്കും. കൂടുതൽ പരാതികൾ ഉണ്ടാകുന്ന തദ്ദേശം, റവന്യു, ആഭ്യന്തരം, സഹകരണം എന്നീ വകുപ്പുകളുടെ രണ്ടുദ്യോഗസ്ഥരും മറ്റ് 22 വകുപ്പുകളുടെ ഓരോരുത്തരും പത്തു പേരടങ്ങിയ പൊലീസ് ടീമും ഉണ്ടാകും. പരാതികൾ കോൾ സെന്ററിൽ രേഖപ്പെടുത്തി ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥർക്ക് കൈമാറും. ഇവർ വിഷയം പരിശോധിച്ച് 48 മണിക്കൂറിനകം പരാതിക്കാരന് മറുപടി നൽകും. രാജ്യത്ത് ആദ്യമായാണ് ജനങ്ങളുടെ പരാതി നേരിട്ടുകേട്ട് പ്രശ്‌നപരിഹാരം സാധ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ തലത്തിൽ ഇത്ര വിപുലമായ സംവിധാനം. നടൻ ടൊവിനോ തോമസിന്റെ കോൾ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കണക്‌ട് സെന്റർ ഉദ്‌ഘാടനം ചെയ്‌തു. പരാതികൾക്കു പുറമെ, സർക്കാർ പദ്ധതികൾ, ക്ഷേമപദ്ധതികൾ, മേഖലാധിഷ്‌ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനുമാകും. പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കാലതാമസം കുറയ്‌ക്കാനുമുള്ള നിർദേശങ്ങൾ നൽകുകയും ചെയ്യാം. അടിയന്തര ഘട്ടത്തിൽ സേവനങ്ങളും ഉറപ്പാക്കാം. ചീഫ് സെക്രട്ടറി സെന്ററിന്റെ ഏകോപനവും മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി പരിപാലനച്ചുമതലയും നിർവഹിക്കും. എല്ലാ ജില്ലയിലും നോഡൽ ഓഫീസുകൾ ഉണ്ടാകും. എതു സ്ഥലത്തുനിന്നും ഏതുവിവരവും ശേഖരിക്കാനുള്ള നെറ്റ്‌വർക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. മന്ത്രി കെ രാജൻ അധ്യക്ഷനായി.