ഡിവൈഡറുകളിൽ മതിയായ റിഫ്ളക്ടറുകൾ സ്ഥാപിക്കണം

കണ്ണൂർ: പഴയ ദേശീയ പാതയിലടക്കമുള്ള ഡിവൈഡറുകളിൽ വാഹനാപകടങ്ങൾ ഒഴിവാക്കാൻ മതിയായ റിഫ്ളക്ടറുകൾ സ്ഥാപിക്കാൻ അടിയന്തിര ഇടപെടൽ നടത്തണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. റിഫ്ളക്ടറുകൾ ഇല്ലാത്ത സ്ഥലങ്ങളുടെ ലിസ്റ്റ് പോലീസ് സഹായത്തോടെ ഒരാഴ്ചക്കകം പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കണം. ജില്ലയിലെ റോഡുകളുടെ അറ്റകുറ്റ പണികൾ വേഗത്തിലാക്കണമെന്ന് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി യോഗത്തിൽ ആവശ്യപ്പെട്ടു. പൊതുമരാമത്ത് റോഡ് വിഭാഗത്തിന് കീഴിൽ വരുന്ന റോഡുകളിൽ അറ്റകുറ്റപണികൾ പുരോഗമിക്കുന്നുണ്ടെന്നും മഴ മാറിയ ഉടൻ പണികൾ പൂർത്തീകരിച്ച് റോഡുകൾ ഗതാഗതയോഗ്യമാക്കുമെന്നും പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഇതിൽ താൽക്കാലിക പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്.
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ കല്ലിക്കണ്ടി-കടവത്തൂർ-കീഴ്മാടം റോഡ്, നഗരസഭയിലെ റിംഗ് റോഡുകൾ എന്നിവയുടെ നിർമാണ പ്രവൃത്തികൾ സുഗമമാക്കുന്നതിന് ഇവിടെയുള്ള കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന് കെ.പി മോഹനൻ എം എൽ എ ആവശ്യപ്പെട്ടു. മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി മയ്യഴിപ്പുഴയിലെ ബോട്ട് ജെട്ടികളുടെ തുടർപ്രവർത്തനം, പുഴയുടെ ആഴം വർധിപ്പിക്കൽ, പെരിങ്ങത്തൂർ-കരിയാട് ബോട്ട് ജെട്ടികളുടെ ഉദ്ഘാടനം എന്നീ പ്രവൃത്തികൾ വേഗത്തിലാക്കണമെന്നും എം എൽ എ പറഞ്ഞു. മലയോര മേഖലയിലെ ബി എസ് എൻ എൽ മൊബൈൽ കണക്ടിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കാൻ യു എസ് ഒ എഫ് 4 ജി സാച്ചുറേഷൻ പ്രൊജക്ട് വഴി ടവർ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്ന് ബി എസ് എൻ എൽ ജനറൽ മാനേജർ അറിയിച്ചു. ഗ്രാമപ്രദേശങ്ങളിലെ കവറേജ് വർധിപ്പിക്കാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 24 പുതിയ ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. 17 പുതിയ ടവറുകൾകൂടി സ്ഥാപിക്കാൻ ഉന്നത സമിതിക്ക് നൽകിയ പ്രൊപ്പോസൽ പരിഗണനയിലാണ്. ആറ് മാസത്തിനുള്ളിൽ 37 സ്ഥലങ്ങളിൽ പുതിയ ബാറ്ററി സെറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. 34 സ്ഥലങ്ങളിൽ ബാറ്ററി സെറ്റുകളും 65 ഇടങ്ങളിൽ പുതിയ പ്ലാന്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും നടക്കുകയാണ്. ഇതോടൊപ്പം 284 സ്ഥലങ്ങളിൽ പുതിയ ബാറ്ററി സെറ്റുകളും 54 ഇടങ്ങളിൽ പുതിയ പവർപ്ലാന്റുകളും സ്ഥാപിക്കാൻ ഉന്നത സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് മാസത്തിനകം ഇത് വിതരണം ചെയ്യും.
കൊട്ടിയൂർ ശിവക്ഷേത്രത്തിലെ ഉത്സവ സമയത്തുണ്ടാകുന്ന ഗതാഗതക്കുരുക്ക്, അടിസ്ഥാന സൗകര്യങ്ങൾ, മെഡിക്കൽ സൗകര്യം വർധിപ്പിക്കൽ എന്നിവയ്ക്കുള്ള പരിഹാരമായി വിവിധ വകുപ്പുകളിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാരിലേക്ക് സമർപ്പിക്കാനായി അന്തിമ കരട് ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായി സബ് കലക്ടർ അറിയിച്ചു. സബ് കലക്ടർ കാർത്തിക് പാണിഗ്രഹി അധ്യക്ഷനായി. രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി മോഹനൻ എം എൽ എ, എ ഡി എം കലാഭാസ്കർ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, വകുപ്പ് മേധാവികൾ എന്നിവർ സംസാരിച്ചു.