കൊങ്കൺപാത ഇരട്ടിപ്പിക്കുന്നു, കാൽ നൂറ്റാണ്ടിന് ശേഷം സാധ്യതാ പഠനത്തിന് റെയിൽവേ

Share our post

കാസർകോട്: കൊങ്കണ്‍ റെയിൽപാത ഇരട്ടിപ്പിക്കാനുള്ള സാധ്യതാ പഠനം തുടങ്ങി. പാതയിൽ സർവ്വീസ് തുടങ്ങി 25 വര്‍ഷത്തിനുശേഷമാണ് റെയില്‍വേയുടെ തീരുമാനം. കൊങ്കൺ പാതയെ ഇന്ത്യൻ റെയിൽവേയിൽ ലയിപ്പിക്കാനുള്ള ധാരണയ്ക്ക് പിന്നാലെയാണ് പാത ഇരട്ടിപ്പിക്കലിനും വഴി തുറക്കുന്നത്. 263 കിലോമീറ്റര്‍ ഇരട്ടപ്പാതയാക്കാനുള്ള സാധ്യതാപഠനത്തിന് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ (കെആര്‍സിഎല്‍) ടെന്‍ഡർ വിളിച്ചു. കർണാടകയിലെ മംഗളൂരു (തോക്കൂർ) മുതൽ ബൈന്ദൂർ വരെ (112 കി.മീ), മഹാരാഷ്ട്രയിലെ മജോർദ (ഗോവ) മുതൽ വൈഭവ്വാടി റോഡ് വരെ (151 കി.മീ) എന്നീ ഭാഗങ്ങളിലാണ് സാധ്യതാപഠനം നടത്തുന്നത്. 741 കിലോമീറ്റററില്‍ വരുന്ന മംഗളൂരു തൊക്കൂര്‍-റോഹ റൂട്ടില്‍ 55 കിമീ മാത്രമാണ് നിലവില്‍ ഇരട്ടപ്പാതയുള്ളത്. ബാക്കി 686 കിലോമീറ്റര്‍ ഒറ്റപ്പാതയാണ്. ഇരട്ടിപ്പിക്കലിന് കിലോമീറ്ററിന് 15 മുതൽ 20 കോടി രൂപവരെയാണ് ചെലവ് കണക്കാക്കിയിരുന്നത്.

ഇപ്പോള്‍ 72 സ്റ്റേഷനുകളാണ് കൊങ്കണിലുള്ളത്. 55 വണ്ടികളാണ് കൊങ്കൺ വഴി ഓടുന്നത്. ഇതില്‍ 28 എണ്ണം കേരളത്തിലൂടെയാണ്. കാസറകോട് മുതൽ വടക്കൻ ജില്ലകളിലെ ജനങ്ങൾ അനുഭവിക്കുന്ന യാത്ര ദുരിതത്തിന് ഇരട്ടിപ്പിക്കൽ ആശ്വാമായേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴിയുള്ള ട്രെയിൻ സർവ്വീസുകൾ വർധിപ്പിക്കാൻ ഇരട്ടിപ്പിക്കൽ വഴി തുറക്കും. മുംബൈ, ഗോവ, മംഗളൂരു തുടങ്ങിയ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ തീവണ്ടിസർവീസുകൾ ലഭിക്കും. കൊച്ചി തുറമുഖം, മംഗളൂരു തുറമുഖം എന്നിവയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ മത്സ്യം, കൊപ്ര, തേയില തുടങ്ങിയ കേരളത്തിലെ പ്രധാന ചരക്കുകളുടെ ഗതാഗതം വേഗത്തിലാക്കാനും ഇത് സഹായിക്കും.

കേരളവും പങ്കാളിത്തം വഹിച്ച വികസനം

പ്രത്യേക കോർപറേഷൻ ആയ കൊങ്കൺ റെയിൽവേയ്ക്ക് വലിയ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാത്തതിനാൽ വികസന പ്രവർത്തനങ്ങൾ പ്രതിസന്ധിയിലിലായിരുന്നു. കൊങ്കൺ റെയിൽവേ കോർപറേഷനിൽ 65.97 ശതമാനമാണ് ഇന്ത്യൻ റെയിൽവേയുടെ ഓഹരി പങ്കാളിത്തം. മഹാരാഷ്ട്ര (15.57 %), കർണാടക (10.62 %), കേരളം (4.25 %), ഗോവ (3.59 %) എന്നിവയാണ് ഓഹരി പങ്കാളിത്തമുള്ള സംസ്ഥാനങ്ങൾ. കൊങ്കൺ റെയിൽവേ, ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന യാത്രാ മാർഗ്ഗമാണ്. 1998 ജനുവരി 26ന് ആണ് ആദ്യ യാത്രാ വണ്ടി ഓടിത്തുടങ്ങിയത്. 738 കിലോമീറ്റർ നീളത്തിൽ 91 തുരങ്കങ്ങളും 1,858 പാലങ്ങളും ഉൾകൊള്ളുന്ന നിർമ്മിതിയായിരുന്നു. ഇന്ത്യയിലെ ഏറ്റവും നീളമേറിയ റെയിൽവേ തുരങ്കമായ കർബുദ് തുരങ്കം (6.5 കി.മീ) ഇതിൽ ഉൾപ്പെടുന്നു. 2025 മെയിൽ കൊങ്കൺ റെയിൽവേയെ ഇന്ത്യൻ റെയിൽവേയുമായി ലയിപ്പിക്കാനുള്ള തീരുമാനം അന്തിമമായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!