വായനാ മത്സരം; ഒന്നാംഘട്ടം 28ന്

കണ്ണൂർ: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കുമായി സംഘടിപ്പിക്കുന്ന വായനാ മത്സരത്തിന്റെ പ്രാഥമിക ഘട്ടം സെപ്റ്റംബര്‍ 28ന് നടക്കും. ജില്ലയിലെ 1200 ല്‍ പരം അഫിലിയേറ്റഡ് വായനശാലകളില്‍ മത്സരം നടക്കും. യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആദ്യമായി ഓപ്പണ്‍ ബുക്ക് പരീക്ഷയും (ഒ ബി ടി) നടക്കും. വംശനാശവും ജന്തു ജീവികളും, റില്‍ക, ആശാന്, ഉള്ളൂര്‍, വള്ളത്തോള്‍ കുട്ടിക്കവിതകള്‍ എന്നീ പുസ്തകങ്ങളെ അധികരിച്ചുള്ള ചോദ്യങ്ങള്‍ ഗ്രന്ഥശാലകളില്‍ എത്തിയിട്ടുണ്ട്. ഇവയുടെ ഉത്തരങ്ങള്‍ പ്രത്യേക പേപ്പറില്‍ എഴുതി മത്സരത്തിനു വരുമ്പോള്‍ നല്‍കണം. രണ്ടു മാര്‍ക്കിന്റെ 10 ചോദ്യങ്ങളാണ് ഒ ബി ടിക്കുള്ളത്. എഴുത്തു പരീക്ഷയുടെ ഉത്തരക്കടലാസിനോടൊപ്പം ഇതിന്റെയും മൂല്യനിര്‍ണയം നടത്തും. എഴുത്തു പരീക്ഷയ്ക്ക് മറ്റു നാലു പുസ്തകങ്ങളില്‍ നിന്നുള്ള 20 മാര്‍ക്കിന്റെ ചോദ്യങ്ങളായിരിക്കും. 10 മാര്‍ക്കിന്റെ ജനറല്‍ നോളേജ് /ആനുകാലിക വിഷയങ്ങളെ അധികരിച്ചുള്ള ചോദ്യങ്ങളടക്കം 50 മാര്‍ക്കിലാണ് മത്സരം. വനിതാ വിഭാഗത്തിനായി നിര്‍ദേശിക്കപ്പെട്ട ഒമ്പത് പുസ്തകങ്ങളില്‍ നിന്നുള്ള 25 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ഗ്രന്ഥശാലാതല മത്സരത്തിനുണ്ടാവുക. ഇതിനു പുറമെ 15 മാര്‍ക്കിന്റെ ജനറല്‍ നോളേജ്/ ആനുകാലിക വിഷയങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളടക്കം 40 മാര്‍ക്കിലാണ് മത്സരം.