നവരാത്രി ആഘോഷവും ദസറയും കണ്ണൂരിലെ രാത്രികൾക്ക് ഉത്സവപ്രതീതി

Share our post

കണ്ണൂർ: ദീപാലംകൃതമായ നഗരക്കാഴ്ചകളും കലാപരിപാടികളും ആസ്വദിക്കാൻ രാത്രിയിലും ജനങ്ങൾ ഒഴുകിയെത്തുകയാണ്. നവരാത്രിനാളുകളിൽ കണ്ണൂർ ഉത്സവലഹരിയിലാണ്. വഴിയോരങ്ങളിലും കവലകളിലും ബസ്‌സ്റ്റാൻഡിലുമൊക്കെ വൈദ്യുത ദീപങ്ങളൊരുക്കുന്ന മായക്കാഴ്ചകൾ. കണ്ണൂരിലെ കോവിലുകളും ക്ഷേത്രങ്ങളും പ്രാർഥനകൾക്കൊപ്പം നൃത്ത-സംഗീത മുഖരിതമാണ്. എല്ലായിടത്തും വേദികളിലും വൈകീട്ടോടെ കലാപരിപാടികൾ അരങ്ങേറും. ഇതിനെല്ലാം മാറ്റുകൂട്ടി കളക്ടറേറ്റ് മൈതാനത്ത്‌ കണ്ണൂർ ദസറയുടെ ഭാഗമായുള്ള കലാപരിപാടികളുമുണ്ട്. ഇതെല്ലാം ആസ്വദിക്കാനായി രാത്രി വലിയ ജനക്കൂട്ടമാണ് നഗരത്തിലെത്തുന്നത്. ഇതിനോടനുബന്ധിച്ച് കച്ചവടവും പൊടിപൊടിക്കുന്നുണ്ട്. മിക്ക കോവിലുകളിലും എല്ലാദിവസവും വിവിധ കലാപരിപാടികൾക്കുപുറമെ പ്രത്യേക പൂജകളും ഒരുക്കിയിട്ടുണ്ട്. കണ്ണൂർ മുനീശ്വരൻ കോവിലിലെ നവരാത്രി മണ്ഡപത്തിന് മുന്നിൽ വൈകീട്ട് മുതൽ രാത്രിവരെ കലാസ്വാദകർ ധാരാളമെത്തുന്നു. വ്യാഴാഴ്ച അഞ്ചിന് നാദസ്വര കച്ചേരി, 5.30 മുൽ സംഗീത കച്ചേരികൾ, ഒൻപതിന് ഭജൻസ് എന്നിവയുണ്ടാകും. എസ്.എൻ. പാർക്ക് റോഡ് കാമാക്ഷിയമ്മൻ കോവിലിൽ ഉത്സവദിവസങ്ങളിൽ പ്രത്യേക പൂജകളുമുണ്ടാകും. പിള്ളയാർ കോവിലിൽ എല്ലാ ദിവസവും വൈകീട്ട് മുതൽ സംഗീതപരിപാടികൾ അരങ്ങേറും. തെക്കി ബസാർ കാഞ്ചി കാമാക്ഷി അമ്മൻ കോവിലിൽ വ്യാഴാഴ്ച വൈകീട്ട് ഏഴ് മുതൽ ഗാനമേളയാണ്. താളിക്കാവ് മുത്തുമാരിയമ്മൻ കോവിൽ, എം.എ. റോഡ് ശ്രീകൃഷ്ണൻ കോവിൽ, കാംബസാർ മുത്തുമാരിയമ്മൻ കോവിൽ, താഴെ ചൊവ്വ യാദവത്തെരു കാഞ്ചി കാമാക്ഷിയമ്മൻ കോവിൽ എന്നിവിടങ്ങളിലെല്ലാം വിവിധ കലാപരിപാടികൾ അരങ്ങേറുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!