അഞ്ചരക്കണ്ടി പുഴയിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂർ: ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ അഞ്ചരക്കണ്ടി പുഴയിൽ മുഴപ്പിലങ്ങാട് കടവിന് സമീപം ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും. സ്പീക്കർ അഡ്വ.എ.എൻ ഷംസീർ, രജിസ്ട്രേഷൻ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളാവും. ചുരുളൻ വള്ളങ്ങളാണ് ബോട്ട് ലീഗിൽ മത്സരിക്കുക. മമ്മാക്കുന്ന് പാലത്തിൽ നിന്ന് ആരംഭിച്ച് ഒരു കിലോമീറ്റർ ദൂരത്തിൽ മുഴപ്പിലങ്ങാട് കടവ് റോഡിന്റെ ഓരത്തുള്ള അഞ്ചരക്കണ്ടി പുഴയിലാണ് വള്ളംകളി മത്സരം നടത്തുക. ധർമടം മണ്ഡലത്തിലെ മുഴപ്പിലങ്ങാട്, കടമ്പൂർ, പിണറായി, ധർമടം, പെരളശ്ശേരി എന്നീ അഞ്ച് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന സ്ഥലമാണ് മത്സരം നടത്തുന്നതിനായി തെരെഞ്ഞെടുത്തത്. 30 പേർ തുഴയുന്ന ചുരുളൻ വള്ളങ്ങളാണ് മത്സരത്തിനിറങ്ങുക. കാസർകോഡ് ജില്ലയിൽ നിന്നുമാണ് വള്ളങ്ങൾ എത്തിക്കുക. മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി സ്കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചെയർപേഴ്സണായി സംഘാടക സമിതി രൂപീകരിച്ചു. വർക്കിംഗ് ചെയർമാനായി മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലനെയും വൈസ് ചെയർമാനായി മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സജിതയെയും തെരഞ്ഞെടുത്തു. ജില്ലാ കലക്ടർ അരുൺ കെ വിജയനാണ് കൺവീനർ. ജോയിന്റ് കൺവീനറായി ടൂറിസം റീജിണൽ ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാറിനെയും ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടിസി മനോജിനെയും തെരഞ്ഞെടുത്തു.