മേഘാലയ ചീഫ് സെക്രട്ടറിയായി കണ്ണൂർ സിറ്റി സ്വദേശി

കണ്ണൂർ: മേഘാലയ ചീഫ് സെക്രട്ടറിയായി കണ്ണൂർ സിറ്റി സ്വദേശി ഡോ. ഷക്കീൽ അഹമ്മദ് ഐ.എ.എസ് ഈ മാസം 30 ന് ചുമതലയേൽക്കും. നിലവിലെ ചീഫ് സെക്രട്ടറി ഡൊണാൾഡ് ഫിലിപ്പ് ഈ മാസം സ്ഥാനമൊഴിയുന്ന ഒഴിവിലാണ് ഷക്കീൽ അഹമ്മദിൻ്റെ നിയോഗം. നിലവിൽ ആഭ്യന്തര വകുപ്പ് ചുമതലയുള്ള അഡീഷനൽ ചീഫ് സെക്രട്ടറിയാണ്. ജലവിഭവ വകുപ്പിൻ്റെയും സി.ആർ.എസിൻ്റെയും അധിക ചുമതലയുമുണ്ട്. ഒപ്പം റവന്യൂ ബോർഡ് സെക്രട്ടറിയുമാണ്. കേന്ദ്ര സർക്കാരിൽ വിവിധ വകുപ്പ് മോധാവിയായും പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ടറായും മോസ്കോയിൽ ഇന്ത്യൻ എംബസി ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട് അസം-മേഘാലയ കേഡർ ഐ.എ.എസുകാരനായ ഡോ. ഷക്കീൽ അഹമ്മദ്. മലയാളം മീഡിയം സ്കൂളിൽ നിന്നു പ്രാഥമിക പഠനം പൂർത്തിയാക്കിയ അദ്ദേഹം ജില്ലയിൽ നിന്നു ചീഫ് സെക്രട്ടറിയാകുന്ന ആദ്യ വ്യക്തി കൂടിയാണ്.