എല്ലാ ക്യുആർ കോഡുകളും സ്കാൻ ചെയ്യാൻ വരട്ടെ! എല്ലാവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിൽ മുന്നറിയിപ്പുമായി കേരള പൊലീസ്

Share our post

യുപിഐ പേയ്മെന്റുകൾ എല്ലാവരും ഉപയോ​ഗിക്കുന്ന കാലത്ത് ക്യൂആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. അറിയപ്പെടുന്ന സേവന ദാതാക്കളിൽ നിന്ന് മാത്രം ക്യൂആർ കോഡ് ജനറേറ്റ് ചെയ്യുക എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ക്യൂആർ കോഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണം. ക്യൂആർ കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോൾ, യുആ‌‍ർഎൽ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.ഇമെയിലിലെയും എസ്എംഎസിലെയും സംശയകരമായ ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നത് അപകടകരമെന്നതുപോലെ ക്യൂആർ കോഡുകൾ നയിക്കുന്ന യുആർഎല്ലുകൾ എല്ലാം ശരിയാകണമെന്നില്ല. ഫിഷിംഗ് വെബ്‌സൈറ്റിലേക്ക് നിങ്ങളെ കൊണ്ടുപോകാൻ അതിനു കഴിഞ്ഞേക്കും. ക്യൂആർ കോഡ് സ്കാനർ ആപ്പ് സെറ്റിംഗ്സിൽ “open URLs automatically’ എന്ന ഓപ്ഷൻ നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്‌സൈറ്റുകളിൽ പ്രവേശിക്കാനുള്ള അനുമതി നൽകുന്നതാണ് ഉചിതം.കസ്റ്റം ക്യൂആർ കോഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കണം. ക്യൂആർ കോഡ് സ്കാൻ ചെയ്യാൻ കഴിയുന്നതും ഉപകരണ നിർമ്മാതാവ് നൽകുന്ന വിശ്വസനീയമായ ആപ്പുകൾ ഉപയോഗിക്കുക. ഏതൊരു ടെക്നോളജിക്കും ഗുണത്തിനൊപ്പം ചില ദൂഷ്യവശങ്ങൾ കൂടിയുണ്ടെന്ന് മനസിലാക്കുന്നത് കൂടുതൽ കരുതലോടെ ഇവയെ സമീപിക്കാൻ സഹായിക്കുമെന്നും കേരള പൊലീസിന്റെ മുന്നറിയിപ്പിൽ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!