മുഴുവന്‍ വീടുകളിലും കുടിവെള്ളം ലഭ്യമാക്കി കല്യാശ്ശേരി മണ്ഡലം

Share our post

പഴയങ്ങാടി: മുഴുവന്‍ വീടുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കി സമ്പൂര്‍ണ കുടിവെള്ള വിതരണ മണ്ഡലമെന്ന നേട്ടം കൈവരിച്ച് കല്യാശേരി മണ്ഡലം. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയിലൂടെയാണ് മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചത്. കല്യാശേരി, കണ്ണപുരം, ചെറുകുന്ന്, പട്ടുവം, മാടായി, മാട്ടൂല്‍, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം, കടന്നപ്പള്ളി – പാണപ്പുഴ എന്നീ 10 പഞ്ചായത്തുകളിലായി ഇതുവരെ 44620 വീടുകളില്‍ കുടിവെള്ള കണക്ഷനുകള്‍ നല്‍കി. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 184 കോടി രൂപയാണ് അനുവദിച്ചത്. 455 കി.മീറ്റര്‍ പുതിയ പൈപ്പ് ലൈന്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചു. അതോടൊപ്പം ചെറുതാഴം – കുഞ്ഞിമംഗലം കുടിവെള്ള പദ്ധതി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 45 കോടിയും അനുവദിച്ചു. ഇതിന്റെ ഭാഗമായി എടാട്ട്, ശ്രീസ്ഥ, പടിക്കപ്പാറ എന്നിവിടങ്ങളില്‍ പുതിയ ജലസംഭരണികള്‍ നിര്‍മ്മിച്ചു. 43369 കണക്ഷന്‍ നല്‍കുന്നത് ലക്ഷ്യമാക്കി തുടങ്ങിയ പദ്ധതിയാണ് ഇപ്പോള്‍ മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം നല്‍കുന്ന നിലയില്‍ എത്തിയത്. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കല്യാശേരി പഞ്ചായത്തില്‍ 38 കി.മി. പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ച് 6436 പേര്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കി. ചെറുകുന്ന് -1954, കണ്ണപുരം- 3131, മാട്ടൂല്‍ -5387, ഏഴോം- 2931, കടന്നപ്പള്ളി – പാണപ്പുഴ- 3749, പട്ടുവം- 2050, മാടായി -6241, ചെറുതാഴം- 8351, കുഞ്ഞിമംഗലം- 4390 എന്നിങ്ങനെ ഗാര്‍ഹിക കുടിവെള്ള കണക്ഷനുകളാണ് വിവിധ പഞ്ചായത്ത് പരിധിയില്‍ നല്‍കിയത്. മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം നേരിട്ട് എത്തുന്നത് കൊണ്ടു തന്നെ കഴിഞ്ഞ വേനല്‍ കാലത്ത് ഒരു മേഖലയിലും ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം എത്തിക്കേണ്ടി വന്നിരുന്നില്ല. കല്യാശേരി മണ്ഡലം കുടിവെള്ള പദ്ധതി 100 ശതമാനം പൂര്‍ത്തികരിച്ചതിന്റെ ഹര്‍ ഘര്‍ ജല്‍ പ്രഖ്യാപനവും ഉടന്‍ നടത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!