ഡോളറിന് മുന്നില്‍ മുട്ടുമടക്കി രൂപ; കൂപ്പുകുത്തി ഓഹരിവിപണി

ഡോളറിന് മുന്നില്‍ കൂപ്പുകുത്തി രൂപയുടെ മൂല്യം. 13 പൈസയുടെ നഷ്ടത്തോടെ വ്യാപാരത്തിന്റെ തുടക്കത്തില്‍ 88.41ലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്. ഇന്നത്തെ ഇടിവിന്റെ പ്രധാന കാരണം എച്ച് വണ്‍ബി വിസയ്ക്ക് ഏർപ്പെടുത്തിയ ഫീസ് വര്‍ധനവാണ്. ഐടി ഓഹരികളില്‍ നിന്നുള്ള നിക്ഷേപം പിന്‍വലിക്കലിന് എച്ച് വണ്‍ബി വിസയ്ക്ക് ഫീസ് വര്‍ധനവ് കാരണമായിട്ടുണ്ടെന്നാണ് വിപണി വിദഗ്ദര്‍ പറയുന്നത്. ഏഷ്യന്‍ വിപണിയിലെ തുടര്‍ച്ചയായ ഇടിവും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും രൂപയുടെ മൂല്യം കുറയുന്നതിന് കാരണമാകുന്നുവെന്നും വിപണി വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക തീരുവ വര്‍ധിപ്പിക്കുന്നതും മറ്റൊരു കാരണമാണ്. ഓഹരി വിപണിയും നഷ്ടത്തിലാണ്. സെന്‍സെക്സ് 240 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25,150 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ടെക് മഹീന്ദ്ര, ടിസിഎസ് അടക്കമുള്ള ഐടി കമ്പനികളും റിലയന്‍സ്, ഐസിഐസിഐ ബാങ്ക് ഓഹരികളുമാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.