ഐ എസ് ഒ നേട്ടത്തില്‍ കുടുംബശ്രീ സിഡിഎസുകള്‍

Share our post

ജില്ലയില്‍ 55 സിഡിഎസുകള്‍ക്ക് ഐ എസ് ഒ അംഗീകാരം

കുടുംബശ്രീ സി ഡി എസുകളിലെ മികച്ച സേവനങ്ങളെ അടിസ്ഥാനമാക്കി ജില്ലയില്‍ 55 സിഡിഎസുകള്‍ക്ക് ഗുണനിലവാരത്തിന്റെ അന്താരാഷ്ട്ര മുഖമുദ്രയായ ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ഏഴോം, മാട്ടൂല്‍, കല്ല്യാശ്ശേരി, നാറാത്ത്, ചെറുതാഴം, ചെറുകുന്ന്, തലശ്ശേരി, അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാട്, ന്യൂ മാഹി, ധര്‍മ്മടം, പിണറായി, വേങ്ങാട്, കൂത്തുപറമ്പ്, കോട്ടയം, തൃപ്പങ്ങോട്ടൂര്‍, ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം, കൂത്തുപറമ്പ്, പാട്യം, അയ്യങ്കുന്ന്, പായം, മട്ടന്നൂര്‍, തില്ലങ്കേരി, കൂടാളി, ആറളം, കീഴല്ലൂര്‍, പാപ്പിനിശ്ശേരി, അഴിക്കോട്, വളപട്ടണം, ചെമ്പിലോട്, പെരളശ്ശേരി, കൊളച്ചേരി, മുണ്ടേരി, ചൊക്ലി, പന്ന്യന്നൂര്‍, കതിരൂര്‍, മൊകേരി, കോളയാട്, മാലൂര്‍, കുറ്റിയാട്ടൂർ , ഉളിക്കല്‍, പടിയൂര്‍, പയ്യാവൂര്‍, മയ്യില്‍, ചെറുപുഴ, രാമന്തളി, കാങ്കോല്‍, കരിവെള്ളൂര്‍, ചപ്പാരപ്പടവ്, ഉദയഗിരി, ആലക്കോട്, ആന്തൂര്‍, കുറുമാത്തൂര്‍, തളിപ്പറമ്പ്, നടുവില്‍, ശ്രീകണ്ഠപുരം, എന്നീ 55 ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസുകള്‍ക്കാണ് ഐ എസ് ഒ സര്‍ടിഫിക്കേഷന്‍ ലഭിച്ചത്. സംസ്ഥാനത്ത് ആകെ 617 കുടുംബശ്രീ സി ഡി എസുകള്‍ക്കാണ് ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്.

ഐഎസ്ഒ സര്‍ട്ടിഫിക്കറ്റിനുള്ള കണ്‍സള്‍ട്ടന്‍സി ഏജന്‍സി കില യാണ്. സി ഡി എസുകളെ ഐ എസ് ഒ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സി.ഡി.എസുകളില്‍ ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം (ക്യു എം എസ്) നടപ്പിലാക്കി. കേരള സര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്ത ബൈലോ പ്രകാരമുള്ള പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമമായി നടത്തിപ്പ്, ഗുണ നിലവാരമുള്ള ഓഫീസ് സംവിധാനം, പശ്ചാത്തല സൗകര്യങ്ങളുടെ നിലവാരം, സ്ത്രീ, ഭിന്നശേഷി, വയോജന സൗഹൃദ സേവന സംവിധാനം എന്നിവ ഗുണമേന്മ നിര്‍വചിക്കുന്നതിനുള്ള ഘടകങ്ങളായിരുന്നു. കുടുംബശ്രീയുമായി ബന്ധപ്പെട്ട ഏതു വിവരവും വേഗത്തില്‍ ലഭ്യമാക്കാന്‍ കഴിയും വിധമാണ് സി ഡി എസ് ഓഫീസുകളുടെ സജ്ജീകരണം. ഇതിനായി ഫ്രണ്ട് ഓഫീസ്, ഹെല്‍പ്പ് ഡെസ്‌ക് സൗകര്യങ്ങള്‍, രേഖകളുടെ പരിപാലനം, സി ഡി എസ് അംഗങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഗുണമേന്മ നയ രൂപീകരണം എന്നിവ കാര്യക്ഷമമായി നടക്കുന്നു.

അക്കൗണ്ടിങ്ങ് സിസ്റ്റം കാര്യക്ഷമമാക്കുന്നതിന് വര്‍ഷത്തില്‍ രണ്ട് തവണ ഇന്റേണല്‍ ഓഡിറ്റും നടത്തുന്നു. കൂടാതെ ഓരോ വര്‍ഷവും സര്‍വേലന്‍സ് ഓഡിറ്റ് നടത്തി ഗുണനിലവാരം ഉറപ്പുവരുത്തുന്നു. അങ്ങനെ ഗുണനിലവാരത്തിന്റെ അന്താരാഷ്ട്ര മുഖമുദ്രയായ ഐഎസ്ഒ 9001:2015 സര്‍ട്ടിഫിക്കേഷന്‍ സിഡിഎസുകള്‍ക്ക് കരസ്ഥമാക്കാന്‍ സാധിച്ചു. കുടുംബശ്രീ അംഗങ്ങളെ സ്വയം പര്യാപ്തരാക്കുക, യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുക തുടങ്ങി കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട എല്ലാ പ്രോത്സാഹനവും സിഡിഎസുകള്‍ നടപ്പിലാക്കുന്നു. കൂടാതെ കുടുംബശ്രീ ജില്ലാ മിഷന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും പിന്തുണയോടെ വിവിധ പദ്ധതികള്‍ കാര്യക്ഷമതയോടെ നടത്തുവാനും കുടുംബശ്രീ സി ഡി എസുകള്‍ നടത്തുന്ന പരിശ്രമവും ഈ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!