26 ലക്ഷത്തിൻ്റെ സ്വർണം വാങ്ങി വഞ്ചിച്ചു; മട്ടന്നൂരിലെ മൈ ഗോൾഡ് ഉടമകൾക്കെതിരെ കണ്ണൂരിലും കേസ്

കണ്ണൂർ: മട്ടന്നൂരിലെ മൈ ഗോൾഡ് ഉടമകൾക്കെതിരെ കണ്ണൂരിലും കേസ്. കണ്ണൂർ ബാങ്ക് റോഡിൽ പ്രവർത്തിക്കുന്ന സിഗ്നേച്ചർ ജ്വൽസ് ഉടമ എടയന്നൂർ തെരൂരിലെ ടി.കെ അബ്ദുൽ അസീസിൻ്റെ പരാതിയിലാണ് മട്ടന്നൂരിൽ പ്രവർത്തിച്ചു വന്ന മൈ ഗോൾഡ് പാർട്ട്ണർമാരായ ഇരിട്ടി മുഴക്കുന്ന് പള്ളിക്കുന്ന് റൗനകിൽ ഹാജറ, കാക്കയങ്ങാട് ഒറ്റമാവ് വാഫിൽ വീട്ടിൽ ഫാസില, മുഴക്കുന്ന് പള്ളിക്കുന്ന് ചാത്തോത്ത് ഹൗസിൽ തഫ്സീർ, കണ്ടാലറിയാവുന്ന ഹംസ, ഷമീർ, ഫഹദ് എന്നിവർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. മൈ ഗോൾഡ് ജ്വല്ലറിയിലേക്ക് 26 ലക്ഷത്തിലധികം രൂപ വില വരുന്ന 253.260 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കൊണ്ടുപോയ ശേഷം പ്രതികൾ സ്വർണമോ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. അബ്ദുൽ അസീസ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതി ടൗൺ പോലീസിന് കൈമാറുകയായിരുന്നു. മൈ ഗോൾഡിൽ പണം നിക്ഷേപിച്ചവരുടെ പരാതിയിൽ ഉടമകൾക്കെതിരെ നേരത്തെ മട്ടന്നൂർ പോലീസ് കേസെടുത്തിരുന്നു. 20 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് മട്ടന്നൂർ പോലീസ് പറയുന്നത്.