തദ്ദേശ തെരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച്; പൊതുജനങ്ങൾക്കും നിർദേശം നൽകാം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സമ്പൂർണമായും ഹരിതചട്ടം പാലിച്ചും പരിസ്ഥിതിസൗഹൃദമായും നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ വിളിച്ച തദ്ദേശവകുപ്പിലെ വിവിധ ഏജൻസികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇതുസംബന്ധിച്ച കർമപരിപാടിക്ക് രൂപംനൽകി. പൊതുജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകുന്നതിന് ഒക്ടോബർ 10 വരെ അവസരമുണ്ടാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെ ഹരിതചട്ടം പാലിക്കുന്നുവെന്ന് തദ്ദേശവകുപ്പ്, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, ഹരിതകർമസേന എന്നിവയുടെ പങ്കാളിത്തത്തോടെ ഉറപ്പാക്കും. ഇതിനായി തെരഞ്ഞെടുപ്പ് കമീഷന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിലും കലക്ടർമാരുടെ നേതൃത്വത്തിൽ ജില്ലകളിലും നിരീക്ഷണസമിതികൾ രൂപീകരിക്കും.
പ്രചാരണത്തിനായി ഉപയോഗിക്കുന്ന അച്ചടിസാമഗ്രികളിൽ നിരോധിത വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് രാഷ്ട്രീയപാർടികളും സ്ഥാനാർഥികളും ഉറപ്പാക്കണം. നിരോധിതവസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയാൽ പിഴ ഈടാക്കും. തെരഞ്ഞെടുപ്പുപ്രചാരണ വേളയിലെ പരിസ്ഥിതിമലിനീകരണം, ശബ്ദമലിനീകരണം എന്നിവ തടയുന്നതിനുള്ള നിർദേശങ്ങൾ പൊതുജനങ്ങൾക്ക് ഒക്ടോബർ 10നുമുമ്പ് cru.sec@kerala.gov.in എന്ന ഇ–-മെയിൽ വിലാസത്തിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ, ജനഹിതം, വികാസ്‌ഭവൻ പിഒ, തിരുവനന്തപുരം എന്ന വിലാസത്തിലും സമർപ്പിക്കാം. തദ്ദേശവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ്, തെരഞ്ഞെടുപ്പ് കമീഷൻ സെക്രട്ടറി ബി എസ് പ്രകാശ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.